പച്ചത്തുരുത്ത് പുരസ്കാര നേട്ടത്തിൽ കണ്ണൂർ

Monday 15 September 2025 9:54 PM IST

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ പച്ചത്തുരുത്ത് പുരസ്കാരങ്ങളിൽ തിളങ്ങി കണ്ണൂർ. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച പച്ചത്തുരുത്തുകളിൽ മികച്ചവയ്ക്കുള്ള പുരസ്കാരങ്ങളിൽ മിക്കതും ജില്ലയ്ക്കാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ അയ്യപ്പൻകാവ് പച്ചത്തുരുത്തിനാണ് ഒന്നാംസ്ഥാനം. പ്രത്യേക ജൂറി പുരസ്ക്കാരം കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ ശ്രീസ്ഥ പച്ചത്തുരുത്തിന് ലഭിച്ചു. കലാലയ വിഭാഗത്തിൽ പയ്യന്നൂർ കോളേജും വിദ്യാലയങ്ങളിൽ തവിടിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളും ഒന്നാം സ്ഥാനം നേടി.

മറ്റ് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ ട്രീ മ്യൂസിയം ഒന്നാം സ്ഥാനം നേടി. ദേവഹരിതം വിഭാഗത്തിൽ കണ്ണപുരം ഗ്രാമപഞ്ചായത്തിലെ പ്രയാങ്കോട്ടം പച്ചത്തുരുത്ത് രണ്ടും കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിലെ കരിവള്ളൂർ പെരളം ഭഗവതി ക്ഷേത്രം,​ മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം പച്ചത്തുരുത്തുകൾ മൂന്നും സ്ഥാനങ്ങളിലെത്തി.. മുളന്തുരത്ത് വിഭാഗത്തിൽ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ചെറുതാഴം മുള പച്ചത്തുരുത്തും പായം ഗ്രാമപഞ്ചായത്തിലെ കിളിയന്തറ - തോണിക്കടവ് പച്ചത്തുരുത്തും രണ്ടാം സ്ഥാനം നേടി. കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ ആരണ്യകത്തിനാണ് മൂന്നാം സ്ഥാനം. കണ്ടൽ തുരുത്തുകളുടെ വിഭാഗത്തിൽ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ വയലപ്ര പാർക്ക് ഒന്നാംസ്ഥാനത്തെത്തി.