മലദ്വാരത്തിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്തിയ പ്രതികൾ പിടിയിൽ
ആലപ്പുഴ: പൊലീസിന്റെ പരിശോധനയിൽ നിന്ന് രക്ഷപെടാൻ 16 ഗ്രാം എം.ഡി.എം.എ സിപ്പ് ലോക്ക് കവറിലാക്കി സെല്ലോടേപ്പ് ചുറ്റി മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച പ്രതികൾ പിടിയിലായി. നോർത്ത് ആര്യാട് വിരിശ്ശേരിയിൽ ശ്രീകാന്ത് (23), മണ്ണഞ്ചേരി പാലയ്ക്കൽ വീട്ടിൽ ജോമോൻ (37) എന്നിവരാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ സൗത്ത് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്.
ഇന്നലെ വെളുപ്പിന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ വന്നിറങ്ങിയ ഇവരെ പിടികൂടി പരിശാധിച്ചെങ്കിലും യാതൊരുവിധ ലഹരി വസ്തുക്കളും ബാഗിൽ നിന്ന് ലഭിച്ചില്ല. തുടർന്ന് ശരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ശ്രീകാന്തിനെ ജനറൽ ഹോസ്പ്പിറ്റലിൽ കൊണ്ടുപോയി നടത്തിയ പരിശോധനയിലാണ് മലദ്വാരത്തിൽ ഒളിപ്പിച്ചു വെച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്. പല പ്രാവശ്യം ഇത്തരത്തിൽ മയക്ക് മരുന്ന് കടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത് . ജോമോൻ ഒരു കൊലപാതക ശ്രമക്കേസിൽ ഉൾപ്പെട്ടയാളാണ്. ശ്രീകാന്ത് കൊലപാതകം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് . നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈ.എസ്.പി മധു ബാബുവിന്റെ നേതൃത്വത്തിൽ സി.ഐ റെജിരാജ് , എസ്.ഐ ഉണ്ണികൃഷ്ണൻ നായർ , . സി.പി.ഒ ബിനു, ഫിറോസ്, ജിനാസ് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.