തുറവൂർ ആശുപത്രി കെട്ടിടം പൂർത്തീകരണത്തിലേക്ക്

Tuesday 16 September 2025 12:12 AM IST

ആലപ്പുഴ : തുറവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലെത്തി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നൽകിയ 62 സെന്റിലാണ് ആറുനിലകളുള്ള കെട്ടിടത്തിന്റെ നിർമ്മാണം. കിഫ്ബി ഫണ്ടിൽ നിന്ന് 51.40 കോടി രൂപ വിനിയോഗിച്ച് ഭവന നിർമ്മാണ ബോർഡാണ് കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടം പൂർത്തിയാകുന്നതോടെ മൂന്നുനിലകളിലായി 150ഓളം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനം ഒരുങ്ങും.

പെയിന്റിംഗ്, അലുമിനിയം പാർട്ടീഷൻ, സാനിട്ടറി ഫിറ്റിംഗ് തുടങ്ങിയ ജോലികളാണ് പുരോഗമിക്കുന്നത്. ഈ വർഷം തന്നെ കെട്ടിടം നാടിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ജില്ലയിലെ അത്യാധുനിക ചികിത്സാസൗകര്യങ്ങളുള്ള മികച്ച സർക്കാർ ആശുപത്രികളിലൊന്നായി തുറവൂർ താലൂക്ക് ആശുപത്രി മാറും. എലിവേറ്റഡ് ഹൈവേ നിർമാണം പൂർത്തിയാകുന്നതോടെ എറണാകുളം ജില്ലക്കാർക്കും തുറവൂർ താലൂക്കാശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്താനാകും. സാമൂഹ്യരോഗ്യകേന്ദ്രമായിരുന്ന തുറവൂർ ഗവ.ആശുപത്രിയെ 2010ലാണ് താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. കഴിഞ്ഞ സംസ്ഥാന ബ‌ഡ്ജറ്റിൽ താലൂക്ക് ആശുപത്രിയിൽ മോർച്ചറി കെട്ടിടം പണിയുന്നതിനും സ്ഥലം ഏറ്റെടുക്കുന്നതിനുമായി രണ്ട്‌ കോടി രൂപ അനുവദിച്ചിരുന്നു.

ഒരുങ്ങുക അത്യന്താധുനിക സൗകര്യങ്ങൾ

 2019 സെപ്തംബറിലായിരുന്നു പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം.

 മൂന്നു നിലകളിലായി 150ഓളം രോഗികൾക്ക് കിടത്തി ചികിത്സിക്കാനാകും

 രോഗികളുടെ എണ്ണത്തിനനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ അനുവദിക്കണം

 ദേശീയപാതയോരത്തെ ആശുപത്രിയായതിനാൽ അപകടങ്ങളിൽപ്പെട്ടവരെ ഇവിടെയാണ് എത്തിക്കുന്നത്

 ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്നത് കാലങ്ങളായുള്ള പരാതിയാണ്

കെട്ടിടത്തിന്റെ വിസ്തീർണം

6374.81 ചതുരശ്ര മീറ്റർ

സൗകര്യങ്ങൾ  ട്രോമാകെയർ യൂണിറ്റ്

 ഗൈനക്കോളജി വിഭാഗം

 സി.ടി സ്‌കാൻ

 എക്‌സ് റേ വിഭാഗം

 മൂന്ന് മേജർ ഓപ്പറേഷൻ തീയറ്ററുകൾ

 മൂന്ന് ലിഫ്റ്റുകൾ