വെഞ്ഞാറമൂട് ഓവർ ബ്രിഡ്ജ് പൈലിംഗ് തുടങ്ങി

Tuesday 16 September 2025 1:19 AM IST

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഓവർ ബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പൈലിംഗ് ജോലികൾക്ക് തുടക്കമായി. കരാറുകാരായ ഊരാളുങ്കലിന്റെ ജോലിക്കാർ വിശ്വകർമ്മ ചിത്രത്തിന് മുന്നിൽ പൂജകൾക്ക് ശേഷം മധുര വിതരണം നടത്തിയശഷമാണ് ജോലികൾ ആരംഭിച്ചത്. പത്ത് തൂണുകളാണ് മേൽപ്പാലത്തിനുള്ളത്. ഇതിൽ ഒരെണ്ണത്തിന്റെ കുഴിയെടുപ്പാണ് കഴിഞ്ഞദിവസം ആരംഭിച്ചത്. 11 സ്പാനുകളിലായി 337 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് പാലം നിർമ്മാണം. കേരള റോഡ് ഫണ്ട് ബോർഡ് മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് മേൽപ്പാലം നിർമ്മിക്കുന്നത്.

 കരാറിലുള്ളത്

 800 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലുമുള്ള സർവീസ് റോഡ്

 ഇരുവശങ്ങളിലുമുള്ള അനുബന്ധ റോഡിന്റെ നിർമ്മാണം

ഓവർ ബ്രിഡ്ജിന്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് ക്രാഷ് ബാരിയറുകൾ

 3.5 മീറ്റർ ഉയരത്തിൽ റീട്ടയിനിംഗ് വാൾ, ട്രാഫിക് സിഗ്‌നൽ

റോഡ് സുരക്ഷാ അടയാളങ്ങൾ, റോഡ് മാർക്കിംഗ്, സ്ട്രീറ്റ് ലൈറ്റ്, ഓവർ ഹെഡ് സൈൻ ബോർഡ്

നിർമ്മിക്കേണ്ടത്..... 10 തൂണുകൾ

 നിർമ്മാണ കാലാവധി...... 24 മാസം

കിഫ്ബി അനുവദിച്ചത്...... 28 കോടി

 സുഗമമായ യാത്രക്ക്:

വെഞ്ഞാറമൂട് മേൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണങ്ങളിൽ ബുദ്ധിമുട്ടാതെ തിരുവനന്തപുരത്തേക്കും കൊട്ടാരക്കരയിലേക്കും ആധുനിക നിലവാരത്തിലുള്ള നിരവധി റോഡുകൾ വഴി യാത്ര ചെയ്യാം.

നിലവിലുള്ള റിംഗ് റോഡിനും സമന്വയനഗർ മൂളയം റോഡിനും പുറമേ മറ്റു റോഡുകളും ഉപയോഗിക്കാം. കാരേറ്റ് ആറാന്താനം വെള്ളമണ്ണടി വഴി റിംഗ് റോഡിൽ കയറി പിരപ്പൻകോട് വന്ന് എം.സി റോഡിലൂടെ തിരുവനന്തപുരത്തേക്ക് പോകാം.ഈ റോഡ് കിളിമാനൂർ ഭാഗത്തു നിന്ന് വരുന്നവർക്കും കല്ലറയിൽ നിന്ന് വരുന്നവർക്കും പ്രയോജനപ്പെടുത്താം.

ആലന്തറയിൽ നിന്ന് കോട്ടുകുന്നം വഴി വലിയകട്ടയ്ക്കലിലെത്തി ആറ്റിങ്ങൽ റോഡിൽ കയറാം. ചെമ്പൂര് നിന്ന് ആലിയാട് റോഡ് വഴി ബൈപ്പാസ് റോഡിലും എത്താം. തിരുവനന്തപുരത്തു നിന്ന് വരുന്നവർക്ക് വെമ്പായം - തേമ്പാമൂട് റോഡ് വഴി നാഗരുകുഴിയിലെത്തി റിംഗ് റോഡ് വഴി അമ്പലമുക്കിൽ എത്തി യാത്ര തുടരാം.