ചൈനീസ് ഭീഷണി നേരിടാൻ ബദൽ തന്ത്രം; ബ്രഹ്‌മപുത്രയിൽ പടുകൂറ്റൻ ഇന്ത്യൻ അണക്കെട്ട്

Tuesday 16 September 2025 12:59 AM IST

ന്യൂഡൽഹി: ബ്രഹ്‌മപുത്രയിൽ ചൈന നിർമ്മിക്കുന്ന കൂറ്റൻ അണക്കെട്ട് ഉയർത്തുന്ന ഭീഷണി മറികടക്കാൻ അരുണാചൽപ്രദേശിലെ ദിബാങ്ങിൽ പടുകൂറ്റൻ അണക്കെട്ട് പണിയാൻ ഇന്ത്യ നടപടി തുടങ്ങി.

ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ നിർമ്മാണമാണ് ബ്രഹ്‌മപുത്രയിൽ നടത്തുന്നതെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. യർലങ് സാംഗ്‌പോ നദി എന്നാണ് ബ്രഹ്‌മപുത്രയുടെ ചൈനീസ് നാമം. ബ്രഹ്മപുത്രയിൽ ചൈന നിർമ്മിക്കുന്നതിനേക്കാൾ ഉയരം കൂടിയ അണക്കെട്ടാണ് ഇന്ത്യ പണിയുക.

ചൈനയുടെ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടാൽ ബ്രഹ്മപുത്ര കരകവിഞ്ഞ് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വെള്ളപ്പൊക്ക കെടുതിക്ക് ഇരയാവും. അതു തടയാനാണ് അതിനേക്കാൾ ഉയരം കൂടിയ അണക്കെട്ട് നിർമ്മിക്കുന്നത്.

പൊതുമേഖല സ്ഥാപനമായ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനാണ് നിർമ്മാണച്ചുമതല. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും ബി.ജെ.പി നേതാക്കളും അണക്കെട്ട് നിർമ്മിക്കുന്ന മിൻലി ഗ്രാമത്തിൽ സന്ദർശനം നടത്തിയിരുന്നു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദിബാങ് വിവിധോദ്ദേശ്യ പദ്ധതിക്ക് തറക്കല്ലിട്ടത്. ടിബറ്റിലെ ഇന്ത്യ-ചൈന അതിർത്തിയിൽ അരുണാചൽ പ്രദേശിനോട് ചേർന്ന് നിങ്‌യിലാണ് ചൈന അണക്കെട്ട് നിർമ്മിക്കുന്നത്. അഞ്ച് വൈദ്യുതി പദ്ധതികൾ ഉൾക്കൊള്ളുന്ന പദ്ധതി ലോകത്തെ ഏറ്റവും വലിയ അണക്കെട്ടായ ചൈനയിലെ തന്നെ 'ത്രീ ഗോർജസ് ഡാം' പദ്ധതിയെയും മറികടക്കും.

ഇന്ത്യയുടെ ഉയരം 278 മീറ്റർ

ചൈനയുടേത് 267 മീ.

ഇന്ത്യ പണിയുന്നത് അരുണാചൽ

പ്രദേശിലെ ദിബാങ്ങിൽ

2880 മെഗാവാട്ട്:

ഇന്ത്യയുടെ ഡാമിലെ

വൈദ്യുതി

17,069 കോടി രൂപ

നിർമ്മാണച്ചെലവ്

2032:പദ്ധതി ഇന്ത്യ പൂർത്തിയാക്കുന്ന

വർഷം

ചൈന പണിയുന്നത് അരുണാചൽ

പ്രദേശിന്റെ അതിർത്തിക്ക്

അപ്പുറം ടിബറ്റിലെ നിങ്‌യിൽ

16,700 കോടി ഡോളർ:

ചൈനയുടെ

നിർമ്മാണ ചെലവ്

പുതിയ ഡാമിൽ ചൈനയുടെ 5

വൈദ്യുത പദ്ധതികൾ