വഖഫ് ഇരുപക്ഷത്തും ആശ്വാസം; റവന്യു രേഖ മാറ്റം പാടില്ല \കൈയേറ്റം തടയാനുള്ള   വ്യവസ്ഥകൾ ശരിവച്ചു

Tuesday 16 September 2025 12:00 AM IST

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം പൂർണമായി സ്റ്റേ ചെയ്യാതെയും, എന്നാൽ, വഖഫിനെ ഗുരുതരമായി ബാധിക്കുമായിരുന്ന ചില വ്യവസ്ഥകൾ വിലക്കിയും സുപ്രീം കോടതിയുടെ ഇടപെടൽ. കേന്ദ്രസർക്കാരിനും മുസ്ലിം സംഘടനകൾക്കും ഒരേസമയം ആശ്വാസം പകരുന്ന നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്.

ദീർഘകാലമായി ഉപയോഗിക്കുന്നു എന്ന കാരണത്താൽ വഖഫായി മാറ്റുന്ന പ്രവണത പുതിയ നിയമഭേദഗതിയിൽ അസാധുവാക്കിയിരുന്നു. അത് സുപ്രീംകോടതി ശരിവച്ചു.

കൈയേറ്റങ്ങളും ദുരുപയോഗവും തടയാൻ ഇത് ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു.

എല്ലാ വഖഫും രജിസ്റ്റർ ചെയ്യണമെന്ന ഭേദഗതി നിയമത്തിലെ വ്യവസ്ഥയും ശരിവച്ചു.

മുസ്ലിം ഇതര സമുദായത്തിലുള്ളവരെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) ആയി നിയമിക്കാമെന്നതും സ്റ്റേ ചെയ്‌തില്ല. ബോർഡിലും കൗൺസിലിലുംഇതര മതസ്ഥരെ ഉൾപ്പെടുത്തുന്നതും തടഞ്ഞില്ല. മുസ്ലിം സമുദായത്തിലെ വ്യക്തിയെ തന്നെ സി.ഇ.ഒയായി നിയമിക്കാൻ പരമാവധി ശ്രമിക്കണമെന്ന് കോടതി നി‌ർദ്ദേശം നൽകി.

മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്വത്തോ ധനമോ ഒരാൾക്ക് ദാനം ചെയ്യാൻ സാധിക്കില്ലെന്ന നിബന്ധനയിലും തെറ്റില്ലെന്ന് കോടതി പറഞ്ഞു.

നിയമഭേദഗതിയിലെ 12ൽപ്പരം വകുപ്പുകളുടെ ഭരണഘടനാ സാധുതയെ മുസ്ലിം ലീഗും സമസ്‌തയും അടക്കം ചോദ്യംചെയ്തിരുന്നു. ഇടക്കാല വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. ചീഫ് ജസ്റ്റിസ് ഗവായ് ആണ് 128 പേജുള്ള വിധിയെഴുതിയത്. ഭരണഘടനാ വിഷയങ്ങൾ ഉൾക്കൊളളുന്ന കേസായതിനാൽ വിശാല ബെഞ്ചിലേക്ക് പോയേക്കും.

വഖഫ് പക്ഷത്തിന് ഗുണകരമായത്

തർക്കസ്ഥലം ഡിനോട്ടിഫൈ ആകില്ല. ഭേദഗതി നിയമത്തിലെ വകുപ്പ് 3സി (2) പ്രകാരം സർക്കാർ ഭൂമിയാണെന്ന് തർക്കമുയർന്നാൽ ജില്ല കളക്‌ടർക്കു മുകളിലുള്ള ഉദ്യോഗസ്ഥൻ (ഡെസിഗ്നേറ്റഡ് ഓഫീസർ) അക്കാര്യം പരിശോധിക്കണം. തീരുമാനമെടുക്കും വരെ വഖഫ് ഭൂമിയായി പരിഗണിക്കില്ലെന്നും നിയമഭേദഗതിയിലുണ്ട്.

അന്വേഷണത്തിന് തീരുമാനിച്ചാലുടൻ തർക്കഭൂമി ഡിനോട്ടിഫൈ ആകുന്ന സാഹചര്യമായിരുന്നു, ഈ വ്യവസ്ഥ സുപ്രീംകോടതി സ്റ്റേ ചെയ്‌തതോടെ ഡിനോട്ടിഫൈ ആകില്ല.

വഖഫ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലുമുള്ള ഭൂമിതർക്ക കേസുകളിലും ഉൾപ്പെട്ടിരിക്കുന്ന വഖഫ് സ്വത്തുക്കൾ കൈവശപ്പെടുത്തുകയോ, റവന്യു രേഖകളിൽ മാറ്റം വരുത്തുകയോ ചെയ്യാൻ പാടില്ല. ബോർഡിന്റെ രേഖകളിലും തിരുത്തൽ വരുത്തരുത്. കേസ് നടക്കുന്നതിനിടെ, സ്വത്തുക്കൾ മൂന്നാംകക്ഷിക്ക് കൈമാറ്റം ചെയ്യുന്നതും വിലക്കി.

വകുപ്പ് 3സി(3) - വഖഫ് ഭൂമിയായിരുന്ന സ്ഥലം സർക്കാരിന്റേതാണെന്ന് ഡെസിഗ്നേറ്റഡ് ഓഫീസർ കണ്ടെത്തിയാൽ, റവന്യൂ രേഖകളിൽ തിരുത്തൽ വരുത്തണമെന്നും സംസ്ഥാന സ‌ർക്കാരിന് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നുമുള്ള വ്യവസ്ഥയ്ക്ക് സ്റ്റേ,

വകുപ്പ് 3സി(4)- ഡെസിഗ്നേറ്റഡ് ഓഫീസറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ആവശ്യമായ തിരുത്തൽ വരുത്താൻ സംസ്ഥാന സർക്കാർ വഖഫ് ബോർഡിന് നിർദ്ദേശം നൽകണമെന്ന വ്യവസ്ഥയ്ക്ക് സ്റ്റേ

വകുപ്പ് 3(ആർ)- ഇസ്ലാം മതം 5 വർഷമെങ്കിലും ആചരിച്ചവർക്ക് മാത്രം വഖഫ് നൽകാൻ കഴിയുകയുള്ളുവെന്ന വ്യവസ്ഥയ്ക്ക് സ്റ്റേ.ഇതിനായി സംവിധാനമോ നടപടി ക്രമമോ ചട്ടങ്ങളോ കൊണ്ടുവരാത്തതു കൊണ്ടാണ് സ്റ്റേ ചെയ്തത്.അതേസമയം, സാമ്പത്തികബാദ്ധ്യതയുള്ളവർ ദുരുപയോഗം ചെയ്യാതിരിക്കാൻകൊണ്ടുവന്ന വ്യവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി.