ജാർഖണ്ഡിൽ ഏറ്റുമുട്ടൽ: മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു, കൊല്ലപ്പെട്ടവരിൽ തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച നേതാവും
റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിൽ ഇന്നലെ രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ഏറ്റുമുട്ടലിൽ തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ് സഹദേവ് സോറനും കൊല്ലപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗവും ഹസാരിബാഗ് സ്വദേശിയുമായ സഹദേവ് അർജുൻ സോറൻ, അമലേഷ്, എന്ന പേരുകളിലാണ് അറിയപ്പെടുന്നത്.
ജാർഖണ്ഡ് പൊലീസിന്റെയും സി.ആർ.പി.എഫിന്റെ കോബ്ര കമാൻഡോ ബറ്റാലിയന്റെയും സംയുക്ത ദൗത്യത്തിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. താതി ഝാരിയ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഗിരിധ് ബൊകാറോ അതിർത്തിയിലെ കരന്തി ഗ്രാമത്തിൽ രാവിലെ 6 ഓടെയാണ് ഏറ്റുമുട്ടലാരംഭിച്ചത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു തെരച്ചിൽ. ഏറ്റമുട്ടലിൽ സഹദേവിനെ കൂടാതെ സുരക്ഷാസേനകൾ ലക്ഷങ്ങൾ തലയ്ക്ക് വിലയിട്ടിരുന്ന രണ്ട് മാവോയിസ്റ്റുകൾ കൂടി കൊല്ലപ്പെട്ടു. സി.പി.ഐ മാവോയിസ്റ്റിന്റെ ബീഹാർ ജാർഖണ്ഡ് സ്‌പെഷ്യൽ ഏരിയാ കമ്മിറ്റി അംഗം ചഞ്ചൽ എന്ന എന്ന രഘുനാഥ് ഹെംബ്രാം, സോണൽ കമ്മിറ്റി അംഗമായ ബൈർസൻ ഗഞ്ചു എന്ന രാംഖേൽവാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ രഘുനാഥിന് 25 ലക്ഷവും രാംഖേൽവാനിന് 10 ലക്ഷവുമാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്. മേഖലയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ളതിനാൽ തെരച്ചിൽ തുടരുകയാണ്. സംഭവസ്ഥലത്തു നിന്ന് മൂന്ന് എ.കെ.47 തോക്കുകളും വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
ആറുമാസത്തിനിടെ ഒരു കോടി രൂപ സർക്കാർ ഇനാം പ്രഖ്യാപിച്ച രണ്ടാമത്തെയാളെയാണ് പൊലീസും സുരക്ഷാസംഘവും ഏറ്റുമുട്ടലിൽ വധിക്കുന്നത്.
ഏപ്രിൽ 21നായിരുന്നു ഏറ്റുമുട്ടൽ. അന്ന് വിവേക് എന്ന പ്രയാഗ് മാജി സഹിതം എട്ടുപേരെ വധിച്ചിരുന്നു. ജാർഖണ്ഡിലെ മാവോയിസ്റ്റ് കേന്ദ്രത്തിലെ മൂന്നുപേർ കൂടി നിലവിൽ ഇനി പിടിയിലാവാനുണ്ട്. മിസിർ ബേസര, ഭാസ്‌കർ,സുനിർമൽ എന്ന സാഗർ, അസീം മണ്ഡൽ, ആകാശ് എന്ന തിമിർ, പതിരാം മാജി, രമേശ് എന്ന പതിരാം മാറാഠി എന്നിവർക്ക് സർക്കാർ ഓരോ കോടി ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, രണ്ട് ദിവസം മുൻപ് ഛത്തീസ്ഗഢിലെ ഗരിയാബന്ദിലും സുരക്ഷാസേന തലയ്ക്ക് 1 കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവിനെ വധിച്ചിരുന്നു. സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം മൊദം ബാലകൃഷ്ണയെയാണ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. ഛത്തീസ്ഗഢിൽ മാത്രം ഈ വർഷം ഇതുവരെ 241 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.
അതിനിടെ ജാർഖണ്ഡിലെ ബൊക്കാറോ മേഖലയിൽ നിന്ന് നക്സലിസം പൂർണ്ണമായും തുടച്ചുനീക്കയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കൂടാതെ മാവോയിസ്റ്റുകളെ രാജ്യവ്യാപകമായി ഉടൻ ഉന്മൂലനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണ പദ്ധതി
പൊളിച്ചു
തലക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുന്ന സഹദേവ് സോറൻ വലിയ മാവോയിസ്റ്റ് ആക്രമണത്തിന് തയാറെടുക്കുന്നതിനിടെയാണ് സേന ഇയാളെ വധിച്ചത്. സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ. തുടർച്ചയായി നടന്ന വെടിവയ്പിനെ തുടർന്ന് വനത്തിൽ നടത്തിയ തെരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.