75-ാം ജന്മദിനത്തിന് മുന്നോടിയായി മോദിക്ക് മെസിയുടെ പിറന്നാൾ സമ്മാനം

Tuesday 16 September 2025 12:16 AM IST

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ സമ്മാനം നൽകി ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. ഖത്തർ ലോകകപ്പിൽ ധരിച്ച അർജന്റീന ജേഴ്‌സിയാണ് മെസി മോദിക്ക് ഒപ്പിട്ട് അയച്ചിരിക്കുന്നത്. വരുന്ന സെപ്തംബർ 17നാണ് പ്രധാനമന്ത്രിയുടെ 75ാം ജന്മദിനം.

ഈ വർഷം ഡിസംബർ 13 മുതൽ 15 വരെ താരം ഇന്ത്യയിൽ പര്യടനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 13ന് കൊൽക്കത്തയിലും തുടർന്ന് അടുത്ത ദിവസം മുംബയിലേക്കും പോകും. ഡിസംബർ 15ന് ഡൽഹിയിൽ വച്ചായിരിക്കും മെസി തന്റെ ഇന്ത്യാ സന്ദർശനം അവസാനിപ്പിക്കുക. ഡൽഹിയിൽ എത്തുമ്പോഴായിരിക്കും താരം മോദിയെ കാണുക. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഇതിഹാസ താരത്തിന്റെ ഇന്ത്യാ ടൂർ പ്രൊമോട്ടറും കായിക സംരംഭകനുമായ സതാദ്രു ദത്ത വ്യക്തമാക്കി.

മുംബയിൽ ആദ്യമായി പ്രകടനം നടത്തുന്നതിലും അവിടെ വച്ച് ആരാധകരെ കാണുന്നതിലും മെസി സന്തോഷവാനാണെന്നും ദത്ത അറിയിച്ചു. സാൾട്ട് ലേക്ക് ഓപ്പർച്യുണിറ്റി, വാങ്കഡെ ഫ്രീ, ഫിറോസ് ഷാ കോട്‌ലയുടെ ലോഞ്ച് തുടങ്ങിയ പരിപാടികളിലും മെസി പങ്കെടുക്കും.