ബീഹാറിൽ 70 സീറ്റുകളിൽ കണ്ണു നട്ട് കോൺഗ്രസ്
ന്യൂഡൽഹി: പ്രതിപക്ഷ മഹാസഖ്യത്തിനുള്ളിൽ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ,2020ൽ ജയിച്ചതും നേരിയ വ്യത്യാസത്തിൽ തോറ്റവയും ഉൾപ്പെടെ 70 സീറ്റുകൾ വേണമെന്ന ആവശ്യത്തിലുറച്ച് കോൺഗ്രസ്. 2020ൽ കോൺഗ്രസ് ജയിച്ച 19 സീറ്റുകളിൽ വീണ്ടും മത്സരിക്കണമെന്നതാണ് കോൺഗ്രസ് ആവശ്യം. കൂടാതെ പാർട്ടി സ്ഥാനാർത്ഥികൾ 5,000ൽ താഴെ വോട്ടുകൾക്ക് പരാജയപ്പെട്ട സീറ്റുകളിലും അവകാശവാദം ഉന്നയിക്കുന്നു. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബീഹാറിലുടനീളം ഉണർവുണ്ടാക്കിയെന്നും കൂടുതൽ സീറ്റുകളിൽ ജയിക്കാമെന്നും പാർട്ടി കരുതുന്നു.
മുന്നണിയിലെ പ്രധാന കക്ഷിയായ ആർ.ജെ.ഡിക്കും മറ്റ് സഖ്യകക്ഷികൾക്കും ജയ സാദ്ധ്യത കുറഞ്ഞ സീറ്റുകൾ മാത്രം നൽകുന്ന പതിവ് പാടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കും. എല്ലാ ആനുകൂല്യവും ഒരു പാർട്ടിക്ക് ലഭിക്കുന്ന തരത്തിലുള്ള സീറ്റ് പങ്കിടലിനോട് യോജിപ്പില്ലെന്നും പാർട്ടി ഇതിനകം വ്യക്തമാക്കി.
2020ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 70 സീറ്റുകളിൽ മത്സരിച്ചാണ് 19 സീറ്റുകൾ നേടിയത്. 2015ൽ 41 സീറ്റുകളിൽ മത്സരിച്ച് 27 സീറ്റുകൾ നേടിയിരുന്നു. ഇക്കുറി സംസ്ഥാനത്തെ സാഹചര്യം ഏറെ മെച്ചപ്പെട്ടെന്നാണ് പാർട്ടി വിലയിരുത്തൽ. 2020ൽ,144 സീറ്റുകളിൽ മത്സരിച്ച ആർ.ജെ.ഡി 75 എണ്ണം നേടി. സഖ്യകക്ഷിയായ സിപിഐ(എം-എൽ)(എൽ) 19 ഇടത്ത് മത്സരിച്ച് 12 സീറ്റുകളിൽ ജയിച്ചു. ആറു സീറ്റിൽ മത്സരിച്ച സി.പി.ഐയും നാലിടത്ത് മത്സരിച്ച സി.പി.എമ്മും ഓരോ സീറ്റ് വീതവും നേടി
ഇത്തവണ മഹാസഖ്യത്തിൽ ഹേമന്ത് സോറന്റെ ജെ.എം.എമ്മും മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരാസിന്റെ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയും (ആർ.എൽ.ജെ.പി) അടക്കം എട്ട് ഘടകകക്ഷികളുണ്ട്.