സേനകൾ ഭാവി വെല്ലുവിളികൾ നേരിടാൻ തയ്യാറാകണം: മോദി

Tuesday 16 September 2025 12:24 AM IST

ന്യൂഡൽഹി: ഭാവിയിലെ ഏത് വെല്ലുവിളികളെയും നേരിടാനും ഏത് സാഹചര്യത്തെയും അതിജീവിക്കാനും കഴിയും വിധം സൈന്യത്തെ മാറ്റിയെടുക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2025 പ്രതിരോധ മേഖലയിലെ 'പരിഷ്കാരങ്ങളുടെ വർഷം' ആയിരിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൊൽക്കത്തയിൽ 16-ാമത് ജോയിന്റ് കമാൻഡേഴ്‌സ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക തലത്തിൽ വരുത്തേണ്ട തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന സമ്മേളനമാണിത്. രാജ്യത്തെ ഉന്നത സിവിലിയൻ,സൈനിക നേതാക്കൾ പങ്കെടുത്തു. 'പരിഷ്കരണത്തിന്റെ വർഷങ്ങൾ-ഭാവിയിലേക്കുള്ള പരിവർത്തനം' എന്നതാണ് പ്രമേയം.

സൈനിക തലത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ശരിയായ നടപടികളും നൂതനാശയങ്ങളും വേഗത്തിൽ നടപ്പിലാക്കാൻ പ്രധാനമന്ത്രി പ്രതിരോധ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. ഓപ്പറേഷൻ സിന്ദൂറിലെ വിജയത്തിനായും രാഷ്ട്രനിർമ്മാണത്തിനായും കടൽ കൊള്ളയ്‌ക്കെതിരെയും സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനും സായുധ സേന അവിഭാജ്യ പങ്ക് വഹിച്ചിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നടപ്പാക്കിയതും അടുത്ത രണ്ട് വർഷങ്ങളിൽ നടപ്പാക്കേണ്ടതുമായ പരിഷ്കാരങ്ങൾ പ്രധാനമന്ത്രി പദ്ധതിയും അവലോകനം ചെയ്തു.