മണിപ്പൂരിൽ കുക്കി നേതാക്കളുടെ വീടിന് തീയിട്ടു
ന്യൂഡൽഹി: മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ കുക്കി നേതാക്കളുടെ വീടുകൾക്ക് ജനക്കൂട്ടം തീയിട്ടു. കുക്കി നാഷണൽ ഓർഗനൈസേഷൻ ചെയർമാൻ കാൽവിൻ ഐറെൻതാംഗിന്റെ ഉൾപ്പെടെ വീടുകളാണ് ഞായറാഴ്ച അർദ്ധരാത്രിയോടെ കത്തിച്ചത്. അതേസമയം, വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ചില പ്രദേശവാസികളിൽ അവകാശപ്പെട്ടു.
കുക്കി സോ കൗൺസിലിന്റെയും ഇൻഡജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറത്തിന്റെയും വക്താവായ ഗിൻസ വോൽസോംഗിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. എന്നാൽ പ്രദേശവാസികളുടെ ഇടപെടലിനെ തുടർന്ന് വീട് കത്തിച്ചില്ല. കേന്ദ്ര സർക്കാരുമായി സസ്‌പെൻഷൻ ഒഫ് ഓപ്പറേഷൻസ് (എസ്.ഒ.ഒ) കരാർ ഒപ്പുവച്ച സംഘടനകളിലൊന്നാണ് കുക്കി നാഷണൽ ഓർഗനൈസേഷൻ. മണിപ്പൂരിന്റെ സമഗ്രത നിലനിറുത്താനും പ്രശ്‌ന സാദ്ധ്യതയുള്ള മേഖലകളിൽ നിന്ന് ക്യാമ്പുകൾ മാറ്റാനും സെപ്തംബർ നാലിന് ഒപ്പിട്ട കരാറിലൂടെ കുക്കി സംഘടനകൾ സമ്മതിച്ചിരുന്നു. സംസ്ഥാനത്ത് സമാധാനവും സ്ഥിരതയും സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കുമെന്നും ഉറപ്പുനൽകി.
ഈ മാസം 13ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഹോർഡിംഗുകൾ നീക്കിയതുമായി ബന്ധപ്പെട്ട് രണ്ട് കുക്കികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുക്കി സംഘടനാ പ്രവർത്തകർ പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയും സേനയ്ക്ക് നേരെ കല്ലെറിയുകയും ചെയ്തതോടെയാണ് വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.