പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പ്രതിക്ക് 63 വർഷം കഠിനതടവും പിഴയും

Tuesday 16 September 2025 1:42 AM IST

തിരുവനന്തപുരം: പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ചാല സ്വദേശിയായ ഇരുപതുകാരന് 63വർഷം കഠിനതടവും,55000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് വിവിധ വകുപ്പുകളിലായി കഠിനതടവും,പിഴയടച്ചില്ലെങ്കിൽ മൂന്നര വർഷം അധിക തടവും വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം.2022 നവംബർ ഒമ്പതിന് ചാലയിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. എട്ടാംക്ലാസ് വിദ്യാർത്ഥിനിയുമായി പ്രതി അടുപ്പത്തിലായിരുന്നു. സംഭവദിവസം പ്രതി കുട്ടിയെ വീടിനടുത്തുള്ള പൊളിഞ്ഞ മുറിയിൽ ബലം പ്രയോഗിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടി ഗർഭിണിയായി.ചികിത്സിച്ച ഡോക്ടറാണ് വിവരം പൊലീസിനെയറിയിച്ചത്. തുടർന്ന് കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഗർഭച്ഛിദ്രം നടത്തി. ഡി.എൻ.എ പരിശോധനയിൽ ഭ്രൂണം പ്രതിയുടേതും കുട്ടിയുടേതുമാണെന്ന് തെളിഞ്ഞിരുന്നു. തുടന്നാണ് കേസെടുത്തത്.പ്രായപൂർത്തിയാകും മുൻപും കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈൽ കോടതിയിലും പ്രതിക്കെതിരെ കേസുണ്ട്.ഇതിന് പുറമെ ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം പ്രതി വീണ്ടും കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഈ കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.