ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്റെ മരണം: കാർ ഓടിച്ച വനിത അറസ്റ്റിൽ

Tuesday 16 September 2025 12:44 AM IST

ന്യൂഡൽഹി: കേന്ദ്ര ധനകാര്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി നവ്‌ജോത് സിംഗിന്റെ (52) മരണത്തിൽ അപകടകരമായി കാറോടിച്ച ഗഗൻപ്രീത് കൗറ് (38) അറസ്റ്റിൽ. അപകടമുണ്ടായി 24 മണിക്കൂറിന് ശേഷമാണ് അറസ്റ്റ്. നരഹത്യ,തെളിവ് നശിപ്പിക്കൽ,അശ്രദ്ധമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങൾ ചുമത്തി. അപകടത്തിൽ പരിക്കേറ്റ ഗഗൻപ്രീത് ജി.ടി.ബി നഗറിലെ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് അറസ്റ്റ്. ഭർത്താവ് പരീക്ഷിത്തിന്റെ പേരും എഫ്.ഐ ആറിലുണ്ട്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് ഡൽഹിയിലെ ബംഗ്ലാ സാഹിബ് ഗുരുദ്വാര സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങവെ കന്റോൺമെന്റ് മെട്രോ സ്റ്റേഷന് സമീപമാണ് നവ്‌ജോതും ഭാര്യ സന്ദീപ് കൗറും സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇവരെ ഗഗൻപ്രീത് ആശുത്രിയിലെത്തിച്ചെങ്കിലും നവ്‌ജോതിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ സന്ദീപ് നിലവിൽ ചികിത്സയിലാണ്. അതേസമയം, അടുത്തുള്ള ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടിട്ടും ഗഗൻപ്രീത് 19 കിലോമീറ്റർ അകലെയുള്ള ജി.ടി.ബി നഗറിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്ന് സന്ദീപ് ആരോപിച്ചു. ഗഗൻപ്രീതിന്റെ പിതാവ് ആശുപത്രിയുടെ ഉടമകളിലൊരാളാണെന്നും കേസ് ഇല്ലാതാക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ഗഗൻപ്രീതും ഭർത്താവും ഗുരുഗ്രാമിൽ ബിസിനസ് നടത്തുകയാണ്.