മതപരിവർത്തനം: ഛത്തീസ്ഗഢിൽ സംഘർഷം

Tuesday 16 September 2025 12:45 AM IST

റായ്പൂർ: ബിലാസ്പൂരിൽ പ്രാർത്ഥനക്കായി ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട മുന്നോറോളം പേർ ഒത്തുകൂടിയ​തിനെ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ഹിന്ദുസംഘടനകൾ നടത്തിയ പ്രകടനത്തിൽ സംഘർഷം. ബിലാസ്പൂർ, ദുർഗ് ജില്ലകളിൽ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തു. പ്രാർത്ഥനായോഗം തുടങ്ങിയതോടെ പ്രതിഷേധവും അക്രമങ്ങളും ആരംഭിക്കുകയായിരുന്നു. ബിലാസ്പൂരിലെ സിപത് പ്രദേശത്താണ് ക്രിസ്ത്യൻ സമുദായത്തിൽപെട്ടവർ പ്രാർത്ഥനക്കായി ഒത്തുകൂടിയത്. വിവിധ ഹിന്ദുസമുദായ സംഘടനകൾ പ്രാർത്ഥനക്കെതിരെ മുദ്രാവാക്യം മുഴക്കുകയും പ്ര​ദേശം സംഘർഷഭരിതമാവുകയും ചെയ്തു. സിപത് പൊലീസെത്തി ​ക്രിസ്ത്യൻ സമുദായത്തിൽപെട്ട ഏഴുപേർക്കെതിരെ മതപരിവർത്തനമാരോപിച്ച് കേസെടുത്തു. ഇതിൽ ​പ്രകോപിതരായി നൂ​റോളം ​ക്രിസ്ത്യൻ സമുദായാംഗങ്ങൾ പൊലീസ് സ്​റ്റേഷൻ വളയുകയും അവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. നടപടിയാവശ്യപ്പെട്ട് ഹിന്ദുസംഘടനകളുമെത്തിയതോടെ പത്തുമണിക്കൂറോളം സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു.

പത്മനാഭ്പുർ പൊലീസ് സ്റ്റേഷൻ പ്രദേശത്തെ ജയിൽ റോഡിലെ ബഫ്‌ന മംഗലത്തിനടുത്തുള്ള ഒരു വീട്ടിൽ പ്രാർഥന യോഗം നടക്കുന്നതിനിടെ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ, ഹിന്ദു ജാഗരൺ മഞ്ച് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകർ ഒരു പ്രാദേശിക പള്ളി വളഞ്ഞത് ദുർഗിലും സ്ഥിതിഗതികൾ വഷളാക്കി.