വിദേശത്തു നിന്നെത്തിയ യാത്രക്കാരന്റെ ബാഗ് തട്ടിയെടുത്തു
ശംഖുംമുഖം: വിദേശത്തു നിന്നെത്തിയ യാത്രക്കാരന്റെ ബാഗ് പിക്കപ്പ് ഏരിയയിൽ വച്ച് തട്ടിയെടുത്തതായി പരാതി. തമിഴ്നാട് വെല്ലൂർ സ്വദേശി സർദാർബാഷയുടെ കൈവശമുണ്ടായിരുന്ന ബാഗാണ് നാലംഗസംഘം തട്ടിയെടുത്തത്. തിങ്കളാഴ്ച രാവിലെ അബുദാബിയിൽ നിന്ന് എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇയാൾ പരിശോധനകൾക്കു ശേഷം ടെർമിനലിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് സംഭവം. പിന്നിൽ നിന്നെത്തിയ സംഘം ഇയാളെ മർദ്ദിച്ചശേഷം കൈവശമുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ചു. ഇതിനിടെ യാത്രക്കാരനെ സ്വീകരിക്കാനെത്തിയ സുഹൃത്ത് ഇതുകണ്ട് ഓടിവരുന്നതിനിടെ അയാളെയും മർദ്ദിച്ച് സംഘം ബാഗുമായി സ്ഥലംവിട്ടു. ബാഗിനുള്ളിൽ നാല് ഗ്രാംവരുന്ന സ്വർണാഭരങ്ങളും പാസ്‌പോർട്ടടങ്ങുന്ന രേഖകളും ഉണ്ടായിരുന്നതായി ഇയാൾ വലിയതുറ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു. സംഭവത്തിൽ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടാകാനാണ് സാദ്ധ്യതയെന്ന് പൊലീസ് പറയുന്നു. വരുംദിവസങ്ങളിൽ വിമാനത്താവളത്തിലെ ക്യാമറകൾ പരിശോധിച്ച് പ്രതികളെ കണ്ടത്താൻ കഴിയുമെന്നാണ് പൊലീസ് പറയുന്നത്. നിരന്തരമായി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരുടെ പക്കൽ നിന്നും ബാഗ് പിടിച്ചുപറിക്കുന്നതും യാത്രക്കാരെ ഉപദ്രവിക്കുന്നതും തട്ടിക്കൊണ്ടുപോകുന്നതും പതിവായിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ നടപടികളൊന്നുമുണ്ടാവുന്നില്ലെന്ന ആക്ഷേപവുമുയരുന്നുണ്ട്.