'ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ല'; ദോഹ ആക്രമണം തന്റെ അറിവോടെയല്ലെന്നും ട്രംപ്
വാഷിംഗ്ടൺ: ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ അറിയിച്ചിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ആക്രമണവിവരം ഇസ്രയേൽ ട്രംപിനെ അറിയിച്ചിരുന്നതായുള്ള റിപ്പോർട്ടുകൾ വ്യാപകമാകുന്നതിനിടെയാണ് പ്രതികരണം. മിസൈൽ ആക്രമണത്തിനുശേഷമാണ് വിവരം ലഭിച്ചതെന്നും ആക്രമണം തടയാൻ പ്രസിഡന്റിന് അവസരം ലഭിച്ചില്ലെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.
ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ഹമാസ് ആസ്ഥാനത്തിനു നേരെയാണ് ഇസ്രയേൽ അപ്രതീക്ഷിത വ്യോമാക്രമണം നടത്തിയത്. ആറ് പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഹമാസിനെ നിയന്ത്രിക്കുന്ന ഉന്നത നേതാക്കൾ യോഗം ചേർന്ന കെട്ടിടം തകർന്നു. ഹമാസിന്റെ ആക്ടിംഗ് മേധാവികളിൽ ഒരാളും പൊളിറ്റിക്കൽ ബ്യൂറോ ഉപതലവനുമായ ഖാലിൽ ഹയ്യ അടക്കം ഉന്നതരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഖത്തറിൽ ഇസ്രയേൽ ആക്രമണം ആദ്യമാണ്.
ഹയ്യയുടെ മകൻ ഹിമാമും ഹയ്യയുടെ ഓഫീസിന്റെ ഡയറക്ടർ ജിഹാദ് ലബാദും ഉൾപ്പെടെ അഞ്ച് ഹമാസ് അംഗങ്ങളും ഖത്തർ സുരക്ഷാ സേനാംഗവുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. വടക്കൻ ജെറുസലേമിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തതിനു പിന്നാലെയാണ് 'ഓപ്പറേഷൻ സമ്മിറ്റ് ഒഫ് ഫയർ" എന്ന പേരിൽ ഇസ്രയേൽ തിരിച്ചടി നടത്തിയത്. പത്തിലധികം ഇസ്രയേലി യുദ്ധവിമാനങ്ങൾ ദൗത്യത്തിന്റെ ഭാഗമായി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് എന്നിവരാണ് ദൗത്യത്തിന് മേൽനോട്ടം വഹിച്ചത്. ദോഹ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.