എമ്മിയിൽ ചരിത്രംകുറിച്ച് 15കാരൻ ഓവൻ

Tuesday 16 September 2025 7:17 AM IST

ലോസ് ആഞ്ചലസ് : 77-ാമത് പ്രൈംടൈം എമ്മി പുരസ്‌കാര വേദിയിൽ ചരിത്രം കുറിച്ച് 15കാരനായ ഓവൻ കൂപ്പർ. ലിമിറ്റഡ്/ആന്തോളജി സീരീസ് വിഭാഗത്തിൽ മികച്ച സഹനടനുള്ള പുരസ്കാരം നേടിയാണ് ഓവൻ ചരിത്രം കുറിച്ചത്. ബ്രിട്ടീഷ് സൈക്കോളജിക്കൽ ക്രൈം സീരീസായ 'അഡോളസെൻസി"ലെ പ്രകടനത്തിനാണ് ഓവന്റെ നേട്ടം. എമ്മിയുടെ ചരിത്രത്തിൽ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനാണ് ഇംഗ്ലണ്ടിലെ വാറിംഗ്‌ടൺ സ്വദേശിയായ ഓവൻ. തന്റെ സ്കൂളിലെ ഒരു പെൺകുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ അറസ്റ്റിലാകുന്ന ജാമി മില്ലർ എന്ന 13കാരനായ കേന്ദ്ര കഥാപാത്രത്തെയാണ് ഓവൻ അവതരിപ്പിച്ചത്.

അഭിനേതാവായുള്ള ഓവന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. അടുത്ത വർഷം റിലീസ് ചെയ്യുന്ന വതറിംഗ് ഹൈറ്റ്സിലൂടെ ഓവൻ സിനിമയിലേക്കും തുടക്കം കുറിക്കും. സംപ്രേക്ഷണത്തിന് ഒരുങ്ങുന്ന ഫിലിം ക്ലബ് എന്ന ബി.ബി.സി സീരീസിലും ഓവൻ അഭിനയിക്കുന്നുണ്ട്.

ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ ലോസ് ആഞ്ചലസിലെ പീക്കോക്ക് തീയേറ്ററിലായിരുന്നു ഇത്തവണത്തെ എമ്മി പുരസ്കാര പ്രഖ്യാപനം. അമേരിക്കൻ സീരീസായ ദ സ്റ്റുഡിയോ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ (13 എണ്ണം) നേടി.

പ്രധാന പുരസ്കാരങ്ങൾ

 ഡ്രാമാ വിഭാഗം- സീരീസ്: ദ പിറ്റ്. നടൻ: നോവ വൈലി (ദ പിറ്റ്)​. നടി: ബ്രിറ്റ് ലോവർ (സെവറൻസ്). സംവിധാനം: ആഡം റാൻഡൽ (സ്ലോ ഹോഴ്സസ് ).

 കോമഡി വിഭാഗം - സീരീസ്: ദ സ്റ്റുഡിയോ. നടൻ: സെത്ത് റോജൻ (ദ സ്റ്റുഡിയോ)​. നടി: ജീൻ സ്മാർട്ട് (ഹാക്ക്സ്). സംവിധാനം: സെത്ത് റോജൻ, ഇവാൻ ഗോൾഡ്ബർഗ് (ദ സ്റ്റുഡിയോ).

 ലിമിറ്റഡ്/ആന്തോളജി വിഭാഗം - സീരീസ്: അഡോളസെൻസ്. നടൻ: സ്റ്റീഫൻ ഗ്രഹാം (​അഡോളസെൻസ്). നടി: ക്രിസ്റ്റീൻ മിലിയോറ്റി (ദ പെൻഗ്വിൻ). സംവിധാനം: ഫിലിപ് ബാരാന്റിനി (​അഡോളസെൻസ്).