ഇസ്രയേൽ ആക്രമണം വഞ്ചനാപരം: ഖത്തർ അമീർ

Tuesday 16 September 2025 7:17 AM IST

ദോഹ: തലസ്ഥാനമായ ദോഹയ്ക്ക് നേരെ വ്യോമാക്രമണം നടത്തിയ ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. ഇസ്രയേലിന്റെ ആക്രമണം വഞ്ചനാപരവും ഭീരുത്വം നിറഞ്ഞതുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളെ ദുർബലപ്പെടുത്താൻ ഇസ്രയേൽ ശ്രമിക്കുകയാണെന്നും അൽ താനി കുറ്റപ്പെടുത്തി.

ഇസ്രയേൽ ആക്രമണത്തിനെതിരെ ഇന്നലെ ദോഹയിൽ ചേർന്ന അടിയന്തര അറബ് - ഇസ്ലാമിക് ഉച്ചകോടിയിലാണ് അൽ താനിയുടെ പ്രതികരണം. ഉച്ചകോടിയിൽ പങ്കെടുത്ത അറബ് ലീഗ്, ഇസ്ലാമിക് സഹകരണ സംഘടന (ഒ.ഐ.സി) രാജ്യങ്ങൾ ആക്രമണത്തെ ശക്തമായി അപലപിച്ചു.

ആക്രമണം മേഖലയിലെ സമാധാനത്തെ തകർക്കുന്നതാണെന്നും ഖത്തറിന്റെ നടപടികൾക്ക് പിന്തുണ നൽകുമെന്നും ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിൽ സംയുക്ത പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കാൻ ഗൾഫ് കോ ഓപ്പറേഷൻ കൗൺസിൽ (ജി.സി.സി) തീരുമാനിച്ചു.

അതേ സമയം, ഹമാസ് നേതാക്കൾ ലോകത്ത് എവിടെ ഒളിച്ചാലും ആക്രമിക്കപ്പെടാമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ചൊവ്വാഴ്ച വടക്കൻ ദോഹയിലെ ഹമാസ് ആസ്ഥാനത്ത് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 5 ഹമാസ് അംഗങ്ങളും ഖത്തർ സുരക്ഷാ സേനാംഗവും കൊല്ലപ്പെട്ടിരുന്നു.