മന്ത്രിമാരെ നിയമിച്ച് സുശീല കാർകി

Tuesday 16 September 2025 7:17 AM IST

കാഠ്മണ്ഡു: നേപ്പാളിലെ ഇടക്കാല സർക്കാരിലെ ആദ്യ മൂന്ന് മന്ത്രിമാരെ തിരഞ്ഞെടുത്ത് പ്രധാനമന്ത്രി സുശീല കാർകി. രാമേശ്വർ പ്രസാദ് ഖനാൽ (ധനകാര്യം), കുൽമാൻ ഘിസിംഗ് (ഊർജ്ജം, നഗര വികസനം)​,​ ഓം പ്രകാശ് ആര്യാൽ (ആഭ്യന്തരം, നിയമം)​ എന്നിവരെ സുശീല ഇന്നലെ നിയമിച്ചു. മൂവരും പരിഷ്‌കരണവാദികളും അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടിയവരുമാണ്. അധികം വൈകാതെ മറ്റ് മന്ത്രിമാരെയും പ്രഖ്യാപിക്കും. യുവജന (ജെൻ-സി) പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട 72 പേരുടെ കുടുംബത്തിന് അടിയന്തര സഹായമായി 1,00,000 നേപ്പാളീസ് രൂപ നൽകുമെന്ന് അധികാരമേറ്റതിന് പിന്നാലെ ഓം പ്രകാശ് ആര്യാൽ പ്രഖ്യാപിച്ചു. തന്റെ ശമ്പളവും അലവൻസുകളും പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവർക്ക് വേണ്ടി രൂപീകരിച്ച ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് കുൽമാൻ ഘിസിംഗ് അറിയിച്ചു.

പ്രക്ഷോഭത്തിനിടെ തകർക്കപ്പെട്ട സർക്കാർ കെട്ടിടങ്ങളുടെ അടക്കം പുനർനിർമ്മാണം ഉടൻ തുടങ്ങാൻ സുശീല ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. സമൂഹ മാദ്ധ്യമ വിലക്കിനെതിരെയും അഴിമതിക്കെതിരെയും കഴിഞ്ഞ ആഴ്ച നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട യുവജന പ്രക്ഷോഭം പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ രാജിയിൽ കലാശിക്കുകയായിരുന്നു.

ഇതിനിടെ, സുശീലയുടെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം യുവജന പ്രക്ഷോഭകർ രംഗത്തെത്തി. മന്ത്രിമാരെ നിയമിക്കുന്നതിന് മുന്നേ തങ്ങളുമായി ആലോചിച്ചില്ലെന്ന് ഇവർ ആരോപിക്കുന്നു. പ്രക്ഷോഭകർ സുശീലയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

നിയമിച്ചത് പ്രഗത്ഭരെ

 രാമേശ്വർ പ്രസാദ് ഖനാൽ - മുൻ ധനകാര്യ സെക്രട്ടറി. സാമ്പത്തിക പരിഷ്‌കരണ പാനലിനെ നയിച്ചു

 കുൽമാൻ ഘിസിംഗ് - നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ മുൻ ചെയർമാൻ. രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കി

 ഓം പ്രകാശ് ആര്യാൽ - മനുഷ്യാവകാശ അഭിഭാഷകൻ. കാഠ്മണ്ഡു മേയറിന്റെ ഉപദേഷ്ടാവ്. നിരവധി പൊതുതാത്പര്യ വിഷയങ്ങളിൽ നിയമപോരാട്ടങ്ങൾ നടത്തി