ഡെറാഡൂണിൽ മേഘവിസ്‌ഫോടനം, വാഹനങ്ങളും വീടുകളും ഒലിച്ചുപോയി,  രണ്ടു  പേരെ കാണാതായി

Tuesday 16 September 2025 10:20 AM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ മേഘവിസ്‌ഫോടനം. രണ്ടു പേരെ കാണാതായി. ഇന്ന് പുലർച്ചയോടെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധി പ്രദേശങ്ങളിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. ഒട്ടേറെ പ്രദേശവാസികളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ലാഭരണകൂടം വ്യക്തമാക്കി. കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. സംഭവം അറിഞ്ഞ ഉടൻതന്നെ ജില്ലാ മജിസ്‌ട്രേറ്റ് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

മേഘവിസ്ഫോടനത്തെ തുടർന്ന്, ഋഷികേശിലെ ചന്ദ്രഭാഗ നദി കരകവിഞ്ഞൊഴുകുകയാണ്. നദിയിലെ വെള്ളം ദേശീയപാതയിൽ നിറഞ്ഞൊഴുകിയതിനാൽ മൂന്ന് പേർ നദിയിൽ കുടുങ്ങി. ഇവരെ രക്ഷാപ്രവർത്തകരാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. എൻ‌ഡി‌ആർ‌എഫ് എസ്‌ഡി‌ആർ‌എഫ്, പി‌ഡബ്ല്യുഡി ഉദ്യോഗസ്ഥർ അടക്കം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, കനത്ത മഴയും മേഘവിസ്ഫോടനവും കണക്കിലെടുത്ത് ഡെറാഡൂണിലെ 1 മുതൽ 12ാം ക്ലാസ് വരെയുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുകയും സ്ഥിതിഗതികൾ വ്യക്തിപരമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എക്‌സിൽ കുറിച്ചു. ഡെറാഡൂണിലെ സഹസ്രധാരയിൽ ഇന്നലെ വൈകിയുണ്ടായ കനത്ത മഴയിൽ ചില കടകൾക്കും കേടുപാടുകൾ സംഭവിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. തുടർച്ചയായി ഉണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയങ്ങളിലും ഉത്തരാഖണ്ഡിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.