ഇന്ത്യയുടെ പ്രത്യാക്രമണമുണ്ടാക്കിയത് വലിയ ആഘാതം; മസൂദ് അസറിന്റെ കുടുംബം ഛിന്നഭിന്നമായെന്ന് ജെയ്ഷെ കമാൻഡർ

Tuesday 16 September 2025 4:08 PM IST

ഇസ്ലാമാബാദ്: 'ഓപ്പറേഷൻ സിന്ദൂറിൽ' ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് കമാൻഡർ മസൂദ് ഇല്യാസ് കാശ്മീരി. ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ഇക്കാര്യം ഭീകരർ സ്ഥിരീകരിച്ചിരിക്കുന്നത്.

മസൂദ് ഇല്യാസ് കാശ്മീരി സംസാരിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ സായുധ സേന അവരുടെ ഒളിത്താവളത്തിൽ പ്രവേശിച്ച് അവരെ ആക്രമിച്ചതെങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ട്. ഇന്ത്യയുടെ ആക്രമണത്തിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവന്നെന്ന് ഭീകരൻ സമ്മതിക്കുന്നതാണ് വീഡിയോയിലുള്ളത്. 'മേയ് ഏഴിന്, ബഹാവൽപൂരിൽ ഇന്ത്യൻ സൈന്യം മൗലാന മസൂദ് അസറിന്റെ കുടുംബത്തെ ഛിന്നഭിന്നമാക്കി'- എന്നും ഭീകരൻ പറയുന്നുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ മസൂദ് അസറിന്റെ കുടുംബത്തിലെ പത്ത് പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഭീകരൻ വ്യക്തമാക്കുന്നു.

ഇയാൾക്ക് ചുറ്റും തോക്കുധാരികളായ ഭീകരരെയും കാണാം. ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ആഴ്ചകൾക്ക് ശേഷം ഇന്ത്യൻ സായുധ സേന 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഒറ്റരാത്രികൊണ്ട് ആക്രമണം നടത്തി. ജെയ്‌ഷെ മുഹമ്മദ് (ജെഎം), ലഷ്‌കർ ഇ തൊയ്ബ (എൽഇടി) എന്നീ ഭീകരസംഘടനകളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.