സർപ്പരൂപത്തിലുള്ള സുബ്രഹ്മണ്യൻ, പ്രതിഷ്ഠ നടത്തിയത് ശ്രീരാമൻ; കണ്ണൂരിലെ ഈ ക്ഷേത്രത്തിൽ എത്തുന്നവർക്ക് അമ്പരപ്പ് മാറില്ല

Tuesday 16 September 2025 4:40 PM IST

ഭഗവാൻ സുബ്രഹ്മണ്യനെ സർപ്പരൂപത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? കണ്ണൂരിലെ അഞ്ചരക്കണ്ടി പുഴയുടെ തീരത്ത് അത്തരമൊരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ശ്രീ പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ആളുകൾ ഇതിനെ സർപ്പക്ഷേത്രം എന്നാണ് വിളിക്കാറുള്ളത്. ക്ഷേത്രത്തിനുള്ളിൽ ഭക്തർക്ക് പാമ്പിന്റെ നിരവധി വിഗ്രഹങ്ങൾ കാണാം. വ്യത്യസ്തമായ കെടാവിളക്കാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ആറടി ഉയരമാണ് സുബ്രഹ്മണ്യ വിഗ്രഹത്തിനുള്ളത്. ഇത് ടിപ്പു സുൽത്താന്റെ ആക്രണത്തിൽ നശിപ്പിക്കപ്പെട്ടു. പിന്നീട് ഒരു വെള്ളി ഗോളത്തിൽ വിഗ്രഹം ഘടിപ്പിച്ചതായും ചരിത്രത്തിൽ പറയുന്നു.

ഐതീഹ്യം

നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രം രാമായണവുമായി ബന്ധപ്പെട്ടിരിക്കുന്നു. സീതയെ രക്ഷിക്കാനായി ലങ്കയിലേക്കുള്ള യാത്രാമദ്ധ്യേ ശ്രീരാമനും ലക്ഷ്‌മണനും ഹനുമാനും ഈ പ്രദേശത്ത് എത്തിയപ്പോഴാണ് ഇവിടെ ഭഗവാൻ സുബ്രഹ്മണ്യന്റെ സാന്നിദ്ധ്യം തിരിച്ചറിയുന്നത്. തുടർന്ന് ഇവിടെ പ്രതിഷ്ഠ നടത്തിയതായാണ് ഐതീഹ്യം. വടക്ക് നിന്ന് അനുയോജ്യമായ ഒരു വിഗ്രഹം കണ്ടെത്താൻ നിയോഗിക്കപ്പെട്ട ഹനുമാൻ കൃത്യസമയത്ത് പ്രത്യക്ഷപ്പെടാതിരുന്നപ്പോൾ ശ്രീരാമൻ തന്റെ വള അവിടെ പ്രതിഷ്ഠിച്ചു. പിന്നീട് ഹനുമാൻ വളയ്ക്ക് പകരം വിഗ്രഹം സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ഒരു സർപ്പം അതിനെതിരെ മുന്നറിയിപ്പ് നൽകി. അങ്ങനെ സുബ്രഹ്മണ്യൻ സർപ്പരൂപത്തിലാക്കപ്പെട്ടു.

വഴിപാട്

പാലും മഞ്ഞളും അരിയും കൂടാതെ കോഴിമുട്ടകളും ഇവിടെ വഴിപാടായി നൽകി സർപ്പങ്ങളെ ആരാധിക്കുന്നു. ശാസ്താവ്, ഗണപതി, ഭദ്രകാളി എന്നീ പ്രതിഷ്ഠകളുമുണ്ട്. കുട്ടികളില്ലാത്ത ദമ്പതികൾ ഇവിടെ തൊട്ടിൽ കെട്ടിയാൽ ഒരു വർഷത്തിനകം കുട്ടികളുണ്ടാകുമെന്നാണ് വിശ്വാസം. സർപ്പദോഷത്തിനായി ഇവിടെ പ്രത്യേകം വഴിപാടുകൾ ഉണ്ട്.

ക്ഷേത്രക്കുളം

ഈ ക്ഷേത്രത്തിന് മുന്നിലുള്ള പ്രത്യേകരീതിയിൽ നിർമ്മിച്ച ക്ഷേത്രക്കുളം പ്രസിദ്ധമാണ്. ഇവിടെയെത്തുന്ന തീർത്ഥാടകരുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ കുളം. 62 സെന്റിൽ 19 മീറ്റർ ആഴത്തിലാണ് കുളം നിർമ്മിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിൽ കാണപ്പെടുന്ന പടിക്കെട്ടുകളോടുകൂടിയ കിണറുകളുടെ രൂപത്തിലാണ് ഇവിടെ കുളം കുഴിച്ചിരിയ്ക്കുന്നത്. 1500 വർഷം മുൻപാണ് ഈ കുളം നിർമ്മിച്ചതെന്നാണ് പറയപ്പെടുന്നത്. അയണിവയൽ കുളം എന്നറിയപ്പെടുന്ന കുളം 2001ൽ നവീകരിച്ചിരുന്നു. വാസ്തുവിദ്യാ ശെെലി പ്രതിഫലിക്കുന്ന പടികളാണ് ഏറെ ആകർഷണം.

ഉത്സവം

ധനുമാസത്തിലാണ് ഇവിടത്തെ പ്രധാന ഉത്സവം. ഇവിടെ ദർശനം നടത്തുന്നവർ അടുത്തുള്ള മക്രേരിയിലും ദർശനം നടത്തണമെന്നാണ്. രണ്ടമ്പല ദർശനം എന്നാണ് പറയപ്പെടുന്നത്.