കോളേജ് കാലത്ത് തന്നെ പ്രശസ്തൻ, പഠനത്തിൽ ടോപ്പറും ഹോക്കി ബാസ്കറ്റ്ബാൾ ടീം ക്യാപ്ടനുമായിരുന്നു, സൂപ്പർതാരത്തെ കുറിച്ച് സംവിധായകൻ

Tuesday 16 September 2025 7:07 PM IST

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ കോളേജ് കാലത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ഡൽഹിയിലെ ഹൻസ്‌രാജ് കോളേജിൽ കശ്യപിന്റെ സീനിയറായിരുന്നു ഷാരൂഖ് ഖാൻ. പഠനത്തിനൊപ്പം കായികരംഗത്തും അദ്ദേഹം അന്നു തന്നെ പ്രശസ്തനായിരുന്നു എന്ന് സംവിധായകൻ ഓർമ്മിക്കുന്നു. ബുക്ക് മൈ ഷോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തൽ.

ഹോക്കി , ബാസ്കറ്റ് ബാൾ ടീമുകളുടെ ക്യാപ്ടനായിരുന്നു ഷാരൂഖ്ഖാനെന്നും സംവിധായകൻ അഭിമുഖത്തിൽ പറയുന്നു. അദ്ദേഹം മികച്ച കായികതാരമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ടോപ്പറുമായിരുന്നു. വെറുതെ ഒരു സൂപ്പർസ്റ്റാർ ആയതല്ല അദ്ദേഹമെന്നും അനുരാഗ് വ്യക്തമാക്കി.

1992ൽ ഷാരൂഖ് ഖാന്റെ ദീവാന എന്ന ചിത്രം കാണാൻ കോളേജിലെ വിദ്യാർത്ഥികൾ ഒരു തിയേറ്റർ മുഴുവൻ ബുക്ക് ചെയ്തതിനെ കുറിച്ചും അദ്ദേഹം ഓർമ്മിച്ചു. അംബ തിയേറ്റർ മുഴുവനായി ബുക്ക് ചെയ്യുകയും എല്ലാവരും ഒന്നിച്ച ് സിനിമ കാണുകയും ചെയ്തു. കോയി ന കോയി ചാഹിയേ എന്ന ഗാനത്തോടെയായിരുന്നു ഷാരൂഖിന്റെ എൻട്രി. തിയേറ്രറിലെ ആൾക്കൂട്ടം ആവേശത്തിലായിരുന്നു. ആർക്കും പാട്ട് പോലും കേൾക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ സീനിയർ ആദ്യമായി ഒരു വലിയ സിനിമയിൽ അഭിനയിക്കുന്നത് കണ്ട് ഞങ്ങൾ അഭിമാനം കൊണ്ടുവെന്നും കശ്യപ് പറഞ്ഞു