'രാഹുൽ ഗാന്ധിയ്‌ക്ക് പുതിയ ഫാൻ ബോയിയെ കിട്ടി', പാക് ക്രിക്കറ്റ് താരത്തിന്റെ പരാമർശത്തിൽ പ്രതികരിച്ച് ബിജെപി

Tuesday 16 September 2025 8:32 PM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ വിമർശിച്ചും രാഹുൽ ഗാന്ധിയെ പുകഴ്‌ത്തിയും ചാനൽ ഷോയ്‌ക്കിടെ പാക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി സംസാരിച്ചതിന് പിന്നാലെ വിമർശിച്ച് ബിജെപി. ഇന്ത്യയെ വെറുക്കുന്നവർ രാഹുൽ ഗാന്ധിയ്‌ക്കോ കോൺഗ്രസിനോ ഒപ്പം സഖ്യംചേരുന്നതായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. 'ഹാഫിസ് സയിദിന് ശേഷം ഇന്ത്യാ വിരുദ്ധനായ ഷാഹിദ് അഫ്രീദിയും ഇപ്പോൾ രാഹുൽ ഗാന്ധിയെ പുകഴ്‌ത്തിയിരിക്കുകയാണ്. അതിൽ അതിശയമില്ല. ഇന്ത്യയെ എതിർക്കുന്നവരെല്ലാവരും കോൺഗ്രസിനോടും രാഹുൽ ഗാന്ധിയോടും സഖ്യംചേരുന്നുണ്ട്.' ഷെഹ്‌സാദ് പൂനാവാല സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

സോറോസ് മുതൽ ഷാഹിദ് വരെ..ഐഎൻസി എന്നാൽ ഇസ്ളാമാബാദ് നാഷണൽ കോൺഗ്രസ് എന്നായെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. കോൺഗ്രസും പാകിസ്ഥാനും തമ്മിലെ സൗഹൃദത്തിന് വളരെ പഴക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയത് മുതൽ 26/11 മുംബയ്, പുൽവാമ, പഹൽഗാം എന്നീ ആക്രമണങ്ങളിൽ പാകിസ്ഥാന് ക്ളീൻചിറ്റ് നൽകുന്നതുവരെ ആ പാർട്ടി എല്ലായ്‌പ്പോഴും പാക് ഭാഷ്യമാണ് ഏറ്റുപറയുന്നതെന്നും ഷെഹ്‌സാദ് പൂനാവാല വിമർശിച്ചു.

അതേസമയം ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരിയും രാഹുലിനെതിരെ വിമർശനം ഉന്നയിച്ചു. രാഹുൽ ഗാന്ധിയ്‌ക്ക് പുതിയൊരു ഫാൻ ബോയെ കിട്ടിയെന്നും കോൺഗ്രസിനെ ഇന്ത്യയുടെ ശത്രുക്കൾ പ്രശംസിക്കുമ്പോൾ കോൺഗ്രസ് ഇന്ത്യയ്‌ക്കെതിരാണെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യയിലെ ഈ സർക്കാർ എപ്പോഴും മുസ്‌ലീം-ഹിന്ദു മതകാർഡ് ഉപയോഗിച്ചാണ് അധികാരത്തിൽ തുടരുന്നത്. ഇതൊരു വളരെ മോശം മാനസികാവസ്ഥയാണ്. ഇവർ അധികാരത്തിലിരിക്കുവോളം ഇത് തുടരും. അവരിൽ ചില നല്ല ആളുകളുമുണ്ട്.ഉദാഹരണത്തിന് രാഹുൽ ഗാന്ധിയ്‌ക്ക് വളരെ പോസിറ്റീവ് ചിന്താഗതിയുണ്ട്. ചർച്ചകളിൽ അദ്ദേഹം വിശ്വസിക്കുന്നു.' എന്നായിരുന്നു ഷാഹിദ് അഫ്രീദിയുടെ പ്രതികരണം. ഇതിനെതിരെയാണ് ബിജെപി ശക്തമായി പ്രതികരിച്ചത്.