വാഴക്കുല മോഷണം പതിവാകുന്നു, വാഴക്കർഷകർ ഭീതിയിൽ

Wednesday 17 September 2025 1:37 AM IST

മുടപുരം: വായ്‌പയെടുത്തും കടം വാങ്ങിയും വാഴക്കൃഷി ചെയ്യുന്ന കർഷകർ വാഴക്കുല മോഷണം മൂലം കടക്കെണിയിലാകുമോ എന്ന ഭയപ്പാടിലാണ്. അഴൂർ, കിഴുവിലം പഞ്ചായത്തുകളിൽ വാഴക്കുല മോഷണം പതിവായിരിക്കുകയാണ്. മുടപുരം, മുട്ടപ്പലം, മരങ്ങാട്ടുകോണം, ചിറ്റാരിക്കോണം തുടങ്ങിയ പ്രദേശങ്ങളിലെ വാഴക്കൃഷി കർഷകരാണ് ഭയപ്പാടിൽ കഴിയുന്നത്. കഴിഞ്ഞ ഒരു മാസക്കാലത്തിനകം 252 വാഴക്കുലകൾ തോട്ടത്തിൽ നിന്ന് വെട്ടി കടത്തിയതായി കർഷകർ ചിറയിൻകീഴ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മരങ്ങാട്ടുകോണം വാഴ കർഷകസമിതിയാണ് പരാതി നൽകിയത്. 15ൽപ്പരം കർഷകർ 15 ഓളം ഹെക്ടർ പ്രദേശത്ത് അൻപതിനായിരത്തില്പരം വാഴകൾ അനേകവർഷങ്ങളായി കൃഷിചെയ്യുന്നുണ്ട്. ഏത്തൻ,കപ്പ,പാളയംകോടൻ,ഞാലിപ്പൂവൻ,റോബസ്റ്റ തുടങ്ങി വിവിധ ഇനത്തിലുള്ള വാഴകൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഓണത്തിന് വിളവെടുക്കാൻ കരുതിയിരുന്ന ഏത്തക്കുലകളാണ് മോഷ്ടാക്കളിപ്പോൾ കടത്തിയത്.

കുറഞ്ഞത് 2000

രൂപയുടെ നഷ്ടം

ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും വായ്പയെടുത്തും കടം വാങ്ങിയുമാണ് ഏറെ കർഷകരും കൃഷി ചെയ്യുന്നത്.മോഷ്ടാക്കളുടെ അതിക്രമംമൂലം ഒരുദിവസം കുറഞ്ഞത് 2000 രൂപയുടെ നഷ്ടമെങ്കിലും സംഭവിക്കാറുണ്ട്. രാത്രിയായാലും പകലായാലും ആളൊഴിഞ്ഞ സ്ഥലത്ത് ഇരുചക്ര വാഹനത്തിൽ ചാക്കുമായി വന്നാണ് മോഷ്ടാക്കൾ വാഴയിൽ നിന്നും കുലവെട്ടി കൊണ്ടുപോകുന്നത്. ഒരു ദിവസം കുലവെട്ടുന്ന സ്ഥലത്ത് ദിവസങ്ങൾ കഴിഞ്ഞായിരിക്കും പിന്നെ മോഷ്ടാക്കൾ വരുന്നത്.

അടിയന്തര നടപടി

സ്വീകരിക്കണം

വാഴക്കുല മോഷണം കർഷകരെ സാമ്പത്തികമായും മാനസികമായും തകർക്കുന്നു.അതിനാൽ മോഷ്ടാക്കളെ പിടികൂടാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണം. മോഷ്ടാക്കളിൽ നിന്നും നഷ്ടപരിഹാരം വാങ്ങിത്തരാൻ നടപടി സ്വീകരിക്കണമെന്ന് കർഷകർ അഭ്യർത്ഥിച്ചു.