രാംഗോപാൽ വർമ്മയുടെ രംഗീല റീ റിലീസിന്
തൊണ്ണൂറുകളിൽ ഇന്ത്യൻ യുവത്വത്തെ ഇളക്കി മറിച്ച രാംഗോപാൽ വർമ്മ ചിത്രം രംഗീല റീ റിലീസിനൊരുങ്ങുന്നു. സംവിധായകനും സഹ നിർമ്മാതാവുമായ രാം ഗോപാൽവർമ്മ തന്നെയാണ് ഇക്കാര്യമറിയിച്ചത്. 4k റീമാസ്റ്റേർഡ് പതിപ്പായിരിക്കും റിലീസ് ചെയ്യുന്നത്.1995 ൽ 5 കോടി ചെലവഴിച്ച് ഒരുക്കിയ രംഗീല ബോക്സോഫീസിൽ 35 കോടി നേടി . കേരളത്തിലും അതിഗംഭീര വിജയമാണ് രംഗീല നേടിയത്. ഊർമ്മിളയും ആമിർ ഖാനും ജാക്കി ഷ്‌റോഫുമാണ് രംഗീല യിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. അഭിനേത്രിയാകാൻ കൊതിക്കുന്ന മിലി എന്ന സാധാരണക്കാരിയായ പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് താളക്കൊഴുപ്പുള്ള പാട്ടുകളുടെയും നിറപ്പകിട്ടാർന്ന വിഷ്വലുകളുടെയും പിൻബലത്തോടെ രംഗീലയിൽ ആർ.ജി.വി. അവതരിപ്പിച്ചത്.എ.ആർ.റഹ്മാൻ ഈണമിട്ട പാട്ടുകൾ മുപ്പതാണ്ടുകൾക്കിപ്പുറവും പുതുമ തെല്ലും ചോരാത്ത സൂപ്പർ ഹിറ്റുകളായി നിലകൊള്ളുന്നു.