പതിനാറുകാരനെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു, പിന്നാലെ ലൈംഗികമായി പീഡിപ്പിച്ചു; ബേക്കൽ എഇഒയ്ക്ക് സസ്‌പെൻഷൻ
കാസർകോട്: പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബേക്കൽ എഇഒയ്ക്ക് സസ്‌പെൻഷൻ. എഇഒ ആയ വി കെ സൈനുദ്ദീനെതിരെയാണ് നടപടി. കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സ്കൂള്‍ വിദ്യാര്‍ത്ഥിയെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടാണ് ഇയാൾ പീഡിപ്പിച്ചത്. സംഭവത്തില്‍ 14 പേര്‍ക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്. കേസില്‍ യൂത്ത് ലീഗ് നേതാവും പ്രതിയാണ്.
കുട്ടിയുമായി സൗഹൃദത്തിലായതിനുശേഷം ജില്ലയ്ക്ക് അകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികൾ. 16കാരന്റെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതാണ് വിവരം പുറത്തറിയാൻ കാരണം. മാതാവിനെ കണ്ടയുടനെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നാലെ മാതാവ് ചന്തേര പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കുട്ടിയെ ചൈൽഡ് ലൈനിൽ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.
രണ്ടു വർഷമായി കുട്ടി പീഡനത്തിന് ഇരയായി എന്നാണ് വിവരം. നിലവിൽ 14 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ കാസർകോട് ജില്ലയിൽ മാത്രം എട്ടു കേസുകളാണുള്ളത്. പീഡനത്തിന് ശേഷം കുട്ടിക്ക് പ്രതികൾ പണം നൽകിയിരുന്നതായും വിവരമുണ്ട്. കേസിൽ നാല് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.