അങ്കമാലി - കൊടുങ്ങല്ലൂർ ബൈപാസ് പദ്ധതി ഡി.പി.ആർ നടപടിയാരംഭിച്ചതായി ബെന്നി ബഹനാൻ എം.പി
കൊടുങ്ങല്ലൂർ : ദേശീയപാത 544, ദേശീയപാത 66 എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്ന അങ്കമാലി - കൊടുങ്ങല്ലൂർ ബൈപാസ് റോഡിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിന് നടപടിയാരംഭിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ബെന്നി ബഹനാൻ എം.പിയെ അറിയിച്ചു. ദേശീയപാത 66ലൂടെ കൊച്ചി - എയർപോർട്ടിലേക്കുള്ള യാത്രക്കാർക്കും തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്കും ഏറെ പ്രയോജനപ്രദമാകുന്ന പദ്ധതിയാണ് അങ്കമാലി - കൊടുങ്ങല്ലൂർ ബൈപ്പാസ്. കൊടുങ്ങല്ലൂർ നിന്നും അങ്കമാലിയിലെത്തി നിർദ്ദിഷ്ട അങ്കമാലി കുണ്ടന്നൂർ എറണാകുളം ബൈപാസിൽ പ്രവേശിച്ച് എറണാകുളം പട്ടണത്തിന്റെ തിരക്കും ഗതാഗതക്കുരുക്കും ബാധിക്കാതെ ദീർഘദൂര യാത്രകൾ സുഗമമാക്കാനായാണ് 20 കിലോമീറ്റർ ദൈർഘ്യം വരുന്ന അങ്കമാലി കൊടുങ്ങല്ലൂർ ബൈപാസ് പദ്ധതി നടപ്പാക്കാനുള്ള നിവേദനം ബെന്നി ബഹ്‌നാൻ എം.പി കേന്ദ്രമന്ത്രിക്ക് നൽകിയത്. നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അങ്കമാലി കൊടുങ്ങല്ലൂർ ബൈപ്പാസ് യാഥാർത്ഥ്യമാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ബെന്നി ബഹനാൻ എം.പിയെ രേഖാമൂലം അറിയിച്ചു.