പൊന്നിന്റെ തീവിലയി​ൽ ഉരുകി​ ചെറുകിട സ്വർണവ്യാപാരികൾ

Wednesday 17 September 2025 2:13 AM IST

ആലപ്പുഴ : സർവകാല റെക്കാഡും ഭേദിച്ച് സ്വർണ്ണവില മുന്നേറുമ്പോൾമുമ്പെങ്ങുമില്ലാത്തവിധം പ്രതിസന്ധിയിലാണ് ചെറുകിട സ്വർണ്ണ വ്യാപാര മേഖല. വിവാഹാവശ്യങ്ങൾക്ക് പോലും പേരിന് മാത്രം വാങ്ങുന്ന തരത്തിലേക്ക് ആളുകൾ മാറിത്തുടങ്ങിയതാണ് കാരണം.

പവന് ഇരുപതിനായിരം രൂപ വിലയായിരുന്നപ്പോഴുള്ള മൂന്ന് ശതമാനം ജി.എസ്.ടിയാണ് ഇപ്പോഴും ഈടാക്കുന്നത്. ഇത് ഒരു ശതമാനം എന്ന നിരക്കിലേക്ക് താഴ്ത്തി നൽകിയാൽ ആശ്വാസമാകുമെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്. തൂക്കക്കുറവുള്ളതും പൊലിമയുള്ളതുമായ ആഭരണങ്ങൾ മിക്ക ആഭരണശാലകളും പുറത്തിറക്കിക്കഴിഞ്ഞു. 18-14കാരറ്റ് ആഭരണങ്ങളും വിപണിയിൽ ഇടം പിടിച്ചു. സ്വർണ്ണത്തിന്റെ മാർക്കറ്റിംഗ് രീതിയിലുണ്ടായ മാറ്റം ഒരു പറ്റം സ്വർണ്ണ തൊഴിലാളികളെയും ബാധിച്ചു. ആഭരണങ്ങൾ നിർമ്മാതാക്കൾ നേരിട്ട് കടകളിലേക്ക് എത്തിക്കുന്നതിനാൽ പ്രാദേശിക തൊഴിലാളികൾ മറ്റ് പണി തേടി പോവുകയാണെന്ന് ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.നാസർ പറഞ്ഞു. വരും ദിവസങ്ങളിൽ സ്വർണവില വീണ്ടും ഉയരുമെന്ന് ഉറപ്പുള്ളതിനാൽ കൂടിയ വിലയ്ക്കാണ് വ്യാപാരികൾ കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റോക്ക് ശേഖരിച്ചത്. ഗ്രാമിന് 10,260 രൂപയായിരുന്ന ഇന്നലെ 10,300 രൂപ പ്രകാരമാണ് സ്റ്റോക്കെടുത്തതെന്ന് സ്വർണവ്യാപാരി പറഞ്ഞു.

ശോഭയില്ലാതെ 'സ്വർണത്തെരുവ് '

 ആലപ്പുഴ നഗരത്തിലെ മുല്ലയ്ക്കൽ തെരുവിന് സ്വർണത്തെരുവെന്നും വിളിപ്പേരുണ്ട്

 ഗണപതി കോവിൽ മുതൽ എ.വി.ജെ ജംഗ്ഷൻ വരെ ഡസൻ കണക്കിന് സ്വർണാഭരണശാലകളാണുളളത്

 ഇവയിൽ കോർപ്പേറ്റ് വ്യാപാര സ്ഥാപനങ്ങൾ മുതൽ ചെറുകിട സ്ഥാപനങ്ങൾ വരെയുണ്ട്

 മികച്ച കച്ചവടം ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് ഉപഭോക്താക്കൾ എത്താത്ത അവസ്ഥയാണെന്ന് വ്യാപാരികൾ

 സ്വർണവില ഉയർന്നതോടെ വെള്ളി ആഭരണങ്ങളിലേക്ക് പൂർണമായി തിരിഞ്ഞവരുമുണ്ട്

 കുറഞ്ഞ വിലയിൽ അഡ്വാൻസ് ബുക്കിംഗ് സ്വീകരിച്ച വ്യാപാരികൾ പലരും ആശങ്കയിലാണ്.

ജില്ലയിൽ സ്വർണാഭരണശാലകൾ : 580

ജൂവലേഴ്സ് ദിനം ജില്ലാതല ഉദ്ഘാടനം ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഥമ ജൂവലേഴ്സ് ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് പകൽ 2ന് മുല്ലക്കൽ ഗുരു ജുവലറിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സബിൽ രാജ് നിർവഹിക്കും. സെപ്റ്റംബർ 17 ജുവലേഴ്സ് ദിനമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ ദിനാചരണമാണ് ഇന്നത്തേത്. ജുവലേഴ്സ് ദിന സന്ദേശം എ.കെ.ജി.എസ്.എം.എ ജില്ലാ സെക്രട്ടറി കെ.നാസർ നൽകും. പ്രസിഡന്റ് എം.പി. ഗുരുദയാൽ അദ്ധ്യക്ഷത വഹിക്കും.

രാജ്യാന്തര സ്വർണ്ണവില ക്രമാതീതമായി വർദ്ധിച്ചപ്പോൾ ചെറുകിട സ്വർണ്ണാഭരണവ്യാപാരമേഖല വലിയ രീതിയിലുള്ള പ്രതിസന്ധിയിലാണ്. മേഖലയിൽ പിടിച്ചുനിൽക്കണമെങ്കിൽ ജി.എസ്.ടി ഒരു ശതമാനത്തിലേക്ക് താഴ്ത്തണം

- കെ.നാസർ, എ.കെ.ജി.എസ്.എം.എ ജില്ലാ സെക്രട്ടറി