ആറ് വയസുകാരി ടെറസിൽ നിന്നും വീണുമരിച്ചു, അയൽക്കാരിയുടെ സിസിടിവിയിൽ കണ്ടത് ഞെട്ടിക്കുന്ന മറ്റൊരു ദൃശ്യം

Tuesday 16 September 2025 11:59 PM IST

ബംഗളൂരു: ആറ് വയസുകാരി കളിക്കുന്നതിനിടെ ടെറസിൽ നിന്നും വീണുമരിച്ച സംഭവത്തിൽ വഴിത്തിരിവ്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും കുട്ടി അബദ്ധത്തിൽ വീണുമരിച്ചു എന്ന രണ്ടാനമ്മയുടെ വാദം പൊളിഞ്ഞു. കർണാടകയിലെ ബീദാർ സ്വദേശിനിയും കുട്ടിയുടെ രണ്ടാനമ്മയുമായ രാധ സംഭവത്തിൽ പിടിയിലായി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 27നായിരുന്നു സംഭവം. ആറ് വയസുകാരി സാൻവിയുമൊത്ത് രണ്ടാനമ്മ രാധ മൂന്ന് നില കെട്ടിടത്തിന്റെ തെറസിലേക്ക് പോയി. അവിടെ കളിക്കുന്നതിനിടെ സാൻവി താഴെവീണത് അബദ്ധത്തിലാണ് എന്ന് രാധ ഭർത്താവും സാൻവിയുടെ പിതാവുമായ സിധാന്തിനോട് പറഞ്ഞു. എന്നാൽ അയൽക്കാരിയുടെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിനായി പൊലീസിന് കൈമാറിയിരുന്നു ഇതിൽ കുട്ടിയെ ടെറസിൽ കൂട്ടിക്കൊണ്ടുപോയ ശേഷം ഒരു കസേരയിൽ കയറ്റി നിർത്തി താഴേക്ക് രാധ തള്ളിയിടുന്നത് പൊലീസ് കണ്ടെത്തി. ഇതിനുശേഷം രാധ ഉടൻ അകത്തേക്ക് ഓടിപ്പോയി.

സംഭവത്തിൽ രാധ ഉടൻ പിടിയിലായി. സിധാന്തിന്റെ ആദ്യഭാര്യയിലെ മകളാണ് സാൻവി. കുട്ടിയോട് സിധാന്ത് വലിയ വാത്സല്യം കാട്ടിയിരുന്നതായും ഇത് രാധയ്‌ക്ക് ഇഷ്‌ടമല്ലായിരുന്നു എന്നാണ് വിവരം. തന്റെ കുട്ടികൾക്ക് ഇത് ലഭിക്കണം എന്നതിനാലാണ് ഇവർ ഈ ക്രൂരത കാട്ടിയത്.