കർണാടകയിൽ എം.എൽ.എയുടെ വിജയം റദ്ദാക്കി ഹൈക്കോടതി

Wednesday 17 September 2025 12:25 AM IST

ബംഗളൂരു: കർണാടകയിൽ കോൺഗ്രസിന് തിരിച്ചടിയായി എം.എൽ.എയുടെ വിജയം അസാധുവാക്കി ഹൈക്കോടതി. കോലാർ ജില്ലയിലെ മാലുർ നിയമസഭ മണ്ഡലത്തിലെ കെ.വൈ നഞ്ചഗൗഡയുടെ വിജയമാണ് റദ്ദാക്കിയത്. 2023ലെ തിരഞ്ഞെടുപ്പിലെ വോട്ട് വീണ്ടുമെണ്ണാനും ഉത്തരവിട്ടു.

നഞ്ചഗൗഡയുടെ എതിർ സ്ഥാനാർത്ഥിയായിരുന്ന ബി.ജെ.പി നേതാവ് മഞ്ജുനാഥ് ഗൗഡ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ആർ. ദേവദാസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ സുപ്രധാന വിധി.

വോട്ടെണ്ണലിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. രണ്ട് വർഷത്തെ നിയമനടപടികൾക്കൊടുവിലാണ് കേസിൽ ഹർജിക്കാരന് അനുകൂലമായ വിധി വന്നത്. അതേസമയം, 30 ദിവസത്തേക്ക് വിധി നടപ്പാക്കുന്നത് കോടതി തടഞ്ഞിട്ടുണ്ട്. എം.എൽ.എക്ക് സുപ്രീംകോടതിയിൽ സമീപിക്കുന്നതിന് വേണ്ടിയാണിത്. സുപ്രീംകോടതി ഇടപ്പെട്ടില്ലെങ്കിൽ എം.എൽ.എ സ്ഥാനം നഷ്ടമാകും.

തെരഞ്ഞെടുപ്പിൽ 50,955 വോട്ടുകളാണ് നഞ്ചഗൗഡ നേടിയത്. മഞ്ജുനാഥ ഗൗഡക്ക് 50,707 വോട്ടുകളും.