കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം, യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

Wednesday 17 September 2025 12:25 AM IST

ഗുവാഹത്തി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് അസാം സിവിൽ സർവീസ് (എ.സി.എസ്) ഉദ്യോഗസ്ഥ അറസ്റ്റിൽ. കാംരൂപ് ജില്ലയിലെ ഗൊറോയിമാരിയിൽ സർക്കിൾ ഓഫീസറായ നൂപുർ ബോറയാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെൽ സംഘം നൂപുറിന്റെ ഗുവാഹത്തിയിലെ വസതിയിൽ റെയ്ഡ് നടത്തുകയും 92 ലക്ഷം രൂപയും ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും പിടിച്ചെടുക്കുകയുമായിരുന്നു. ബാർപേട്ടയിലെ അവരുടെ വാടക വീട്ടിൽ നിന്ന് പത്ത് ലക്ഷം രൂപയും കണ്ടെടുത്തു.

വിവാദ ഭൂമി സംബന്ധമായ വിഷയങ്ങളിൽ പങ്കുണ്ടെന്ന പരാതിയെത്തുടർന്ന് കഴിഞ്ഞ ആറ് മാസമായി ഇവർ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. 'ബാർപേട്ട റവന്യൂ സർക്കിളിൽ ജോലി ചെയ്യവേ സംശയാസ്പദമായ വ്യക്തികൾക്ക് ഭൂമി കൈമാറ്റം ചെയ്തിട്ടുണ്ട്. അതിന് അവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലെ റവന്യൂ സർക്കിളുകളിൽ വ്യാപകമായ അഴിമതിയുണ്ട്"- അദ്ദേഹം പറഞ്ഞു.

ബാർപേട്ടയിലെ റവന്യൂ സർക്കിൾ ഓഫീസിലുള്ള നൂപുറിന്റെ സഹായി ലാത് മണ്ഡൽ സുരജിത് ദേകയുടെ വസതിയിലും റെയ്ഡ് നടന്നു. നൂപുർ സർക്കിൾ ഓഫീസറായിരുന്നപ്പോൾ അവർക്കൊപ്പം ഒന്നിലധികം ഭൂമി സ്വന്തമാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം.

2019ലാണ് ഗോലാഘട്ട് നിവാസിയായ നൂപുർ അസാം സിവിൽ സർവീസിൽ ചേരുന്നത്. ഗുവഹാത്തി സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ നൂപുർ സർവീസിൽ ചേരുന്നതിന് മുമ്പ് കോളേജ് ലക്ചററായിരുന്നു.