പ്രധാനമന്ത്രിക്ക് ഇന്ന് 75-ാം പിറന്നാൾ, രണ്ടാഴ്ചത്തെ ആഘോഷവുമായി ബി ജെ പി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാൾ. ഗുജറാത്തിലെ മെഹ്‌സാനയിൽ 1950 സെപ്‌തംബർ 17ന് ജനിച്ച മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികൾക്ക് കേന്ദ്രസർക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും. പിറന്നാൾ ദിനം പ്രധാനമന്ത്രി മദ്ധ്യപ്രദേശിലെ ധാർ ജില്ലയിൽ രാജ്യത്തെ ആദ്യ പി.എം മിത്ര ടെക്‌സ്റ്റൈൽ പാർക്കിന് തറക്കല്ലിടും.
മോദിയുടെ പിറന്നാളിന്റെ ഭാഗമായി ബി.ജെ.പി നേതൃത്വത്തിൽ ഇന്നു മുതൽ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്‌വാഡ" (സേവന വാരം) ആചരിക്കും. മദ്ധ്യപ്രദേശിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും. രക്തദാന-ആരോഗ്യ ക്യാമ്പുകൾ, ശുചിത്വ ദൗത്യങ്ങൾ, പരിസ്ഥിതി ബോധവത്‌കണം, പ്രദർശനങ്ങൾ, സംഭാഷണ പരിപാടികൾ, വികലാംഗർക്കുള്ള ഉപകരണ വിതരണം, 'മോദി വികാസ് മാരത്തൺ", കായികമേളകൾ, ചിത്രരചനാ മത്സരം തുടങ്ങിയവ സംഘടിപ്പിക്കും.
പ്രായപരിധി ചട്ടം വീണ്ടും ചർച്ചയാകും
എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി തുടങ്ങിയ നേതാക്കൾക്ക് 75 വയസ് പൂർത്തിയായപ്പോൾ വിശ്രമം നിർദ്ദേശിച്ച ചട്ടം മോദി സ്വയം നടപ്പാക്കുമോ എന്ന ചോദ്യം ദേശീയ രാഷ്ട‌്രീയത്തിൽ ചർച്ചയാകും. മോദിക്ക് പാർട്ടി ഇളവു നൽകുമോ എന്നും 2029ലെ പൊതുതിരഞ്ഞെടുപ്പിൽ നേതൃത്വം നൽകുമോയെന്നുമുള്ള സ്ഥിതീകരണത്തിനും അത് വഴി തുറക്കാം. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിലും മോദി നയിക്കണമെന്ന പൊതു വികാരം പാർട്ടിയിലുണ്ട്.