സൗകര്യങ്ങൾ നൽകാനാവില്ലെങ്കിൽ ട്രൈബ്യൂണലുകളെ പിരിച്ചുവിടൂയെന്ന് സുപ്രീംകോടതി

Wednesday 17 September 2025 12:34 AM IST

ന്യൂഡൽഹി: ട്രൈബ്യൂണൽ അംഗങ്ങൾക്ക് സൗകര്യങ്ങൾ നൽകാൻ കഴിയില്ലെങ്കിൽ അവ പിരിച്ചുവിടൂയെന്ന് കേന്ദ്രത്തോട് കടുപ്പിച്ചു പറഞ്ഞ് സുപ്രീംകോടതി. റിട്ടയേർഡ് ജ‌ഡ്‌ജിമാർ ട്രൈബ്യൂണലിലേക്കുള്ള നിയമന വാഗ്ദാനങ്ങൾ നിരസിക്കുന്നത് സൗകര്യങ്ങളുടെ അഭാവം കാരണമാണ്. കേന്ദ്രസർക്കാരിന്റെ ഭാഗത്താണ് വീഴ്ചയെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ, റിട്ട. സുപ്രീംകോടതി ജഡ്‌ജിമാർ തുടങ്ങിയവരെ അന്തസായി വേണം പരിഗണിക്കാനെന്ന് ചൂണ്ടിക്കാട്ടി. ഹരിത ട്രൈബ്യൂണലിലെ ജുഡീഷ്യൽ അംഗങ്ങളുടെ ഒഴിവുകൾ നികത്തണമെന്ന ഹ‌ർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. രണ്ടു മുൻ ജഡ്‌ജിമാർക്ക് നിയമനം വാഗ്ദാനം ചെയ്‌തെങ്കിലും അവർ ചുമതലയേൽക്കാൻ തയ്യാറായില്ലെന്ന് കേന്ദ്രം അറിയിച്ചപ്പോഴാണ് പ്രതികരണം. ഏറ്റവും മോശമായ കാറാണ് ട്രൈബ്യൂണൽ ചെയർമാന് നൽകുന്നത്. വീടും മറ്റു സൗകര്യങ്ങളും കിട്ടുമെന്ന് ഉറപ്പുമില്ല. പേപ്പർ, പേന തുടങ്ങി സ്റ്റേഷനറി സാധനങ്ങൾക്ക് പോലും അവർക്ക് യാചിക്കേണ്ട സാഹചര്യമാണ്. ആ യാഥാർത്ഥ്യം മനസിലാക്കിയാണ് റിട്ടയേർഡ് ജഡ്‌ജിമാർ ചുമതലയേൽക്കാത്തതെന്ന് സുപ്രീംകോടതി പറഞ്ഞു. ട്രൈബ്യൂണലിലെ ഒഴിവുകൾ ഉടനടി നികത്തണമെന്ന് കേന്ദ്രത്തോട് കോടതി നിർദ്ദേശിച്ചു. ഡിസംബർ 16ന് വീണ്ടും പരിഗണിക്കും.