വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രസ്താവനയ്ക്ക് പൂർണപിന്തുണയുമായി യോഗം
ചേർത്തല : മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് എസ്.എൻ.ഡി.പി. യോഗം ഡയറക്ടർ ബോഡിന്റെ പൂർണപിന്തുണ. സാമൂഹ്യനീതി,സമത്വം,ജനാധിപത്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഭരണസംവിധാനത്തിൽ ഏതെങ്കിലും വിഭാഗത്തിനോ മതത്തിനോ പ്രത്യേക കുത്തകാവകാശം അനുവദനീയമല്ല. ജനാധിപത്യത്തെ ദുരുപയോഗം ചെയ്ത്, മതത്തിന്റെ പേരിൽ പാർട്ടി രൂപീകരിച്ച് സ്വയംഅനുകൂല്യങ്ങൾ എഴുതിയെടുക്കാൻ നോക്കുന്നവരുടെ മതേതരാവകാശവാദം വെറും കപടനാടകം മാത്രമാണെന്ന് ഡയറക്ടർ ബോർഡ് വിലയിരുത്തി.
'ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാൻ' നടക്കുന്നവർ ആദ്യം സ്വന്തം പ്രവർത്തനങ്ങളെ വിലയിരുത്തണം. മറ്റുള്ളവർക്കു സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിച്ചുകൊണ്ട്, സ്വന്തം മതവാദങ്ങൾക്ക് മാത്രമായി നിലവിളി നടത്തുന്നവർക്ക് സമൂഹത്തിൽ ഇനി ഇടമില്ല. മലപ്പുറം ജില്ല ഉൾപ്പെടെ കേരളമണ്ണിന്റെ ഓരോഇഞ്ചിലും സാമൂഹ്യനീതി, സമത്വം,മതേതരത്വം എന്നിവ ഉറപ്പാക്കപ്പെടേണ്ടത് അനിവാര്യമാണെന്നും ബോർഡ് അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.
അനുരാഗിന്റെ നിയമനം ചരിത്രപരം
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ചേർത്തല സ്വദേശി അനുരാഗ് നിയമപരമായ അവകാശത്തോടെ പ്രവേശിച്ച സംഭവം അഭിമാനകരവും ചരിത്രപരവുമായ നേട്ടമാണ്. ഹൈക്കോടതിയുടെ ഉത്തരവിന്റെ ശക്തിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശക്തമായ പിന്തുണയും ചേർന്നാണ് ഈ വിജയം സാദ്ധ്യമായതെന്ന മറ്റൊരു പ്രമേയവും ബോർഡ് യോഗം അംഗീകരിച്ചു.
ചേർത്തല ട്രാവൻകൂർ പാലസിൽ നടന്ന ബോർഡ് യോഗത്തിൽ പ്രസിഡന്റ് ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംസാരിച്ചു.