സമ്മതിച്ച് ജെയ്ഷെ മുഹമ്മദ് ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസറിന്റെ കുടുംബം ഛിന്നഭിന്നമായി

Wednesday 17 September 2025 1:08 AM IST

ലഹോർ: ഓപ്പറേഷൻ സിന്ദൂറിന്റെ ആഘാതത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ ഛിന്നഭിന്നമായതായി ജെയ്‌ഷ് കമാൻഡർ മസൂദ് ഇല്യാസ് കശ്മീരി. ആദ്യമായാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ആഘാതത്തെ കുറിച്ച് ഭീകര സംഘടന തുറന്ന് സമ്മതിക്കുന്നത്. മേയിൽ ബഹാവൽപൂരിലെ ജമിയ മസ്ജിദ് സുബ്ഹാൻ അല്ലാഹ് എന്ന ജെയ്‌ഷെ ആസ്ഥാനത്ത് ഇന്ത്യ നടത്തിയ ആക്രമണത്തിൽ അസറിന്റെ കുടുംബം ചിതറിത്തെറിച്ചെന്ന് ഇയാൾ പറയുന്ന വീഡിയോ പുറത്തുവന്നു. ബഹാവൽപൂരിന് പുറമെ,പാകിസ്ഥാനിലെ എട്ട് ഭീകരകേന്ദ്രങ്ങൾ കൂടി ഇന്ത്യ തകർത്തിരുന്നു. അസറിന്റെ പത്ത് ബന്ധുക്കളെ ഇന്ത്യ വധിച്ചു. നാല് സഹായികളും കൊല്ലപ്പെട്ടു. പാകിസ്ഥാൻ ഈ സംഭവം അംഗീകരിച്ചിട്ടില്ലെങ്കിലും അസറിന്റെ കുടുംബാംഗങ്ങൾക്ക് സർക്കാർ ചെലവിൽ സംസ്കാര ചടങ്ങുകൾ നടത്തിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പൊതുസ്ഥലങ്ങളിൽ അപൂർവമായി മാത്രം കാണാറുള്ള അസർ, സംസ്കാര ചടങ്ങിൽ എത്തുകയും മിനിട്ടുകൾക്കകം സ്ഥലം വിടുകയും ചെയ്തു.