ഇതിഹാസ താരം റോബർട്ട് റെഡ്ഫോർഡിന് വിട

Wednesday 17 September 2025 1:10 AM IST

യുട്ടാൻ: ഹോളിവുഡ് ഇതിഹാസ നടനും സംവിധായകനും ഓസ്കാർ ജേതാവുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു. യു.എസിലെ യുട്ടാനിൽ പ്രോവോയിലെ വസതിയിലായിരുന്നു അന്ത്യം. ഉറക്കത്തിനിടെയാണ് മരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിലൂടെ റെഡ്ഫോർഡ് ഹോളിവുഡിനെ മാറ്റിമറിച്ചു. ഒരു കാലഘട്ടത്തിൽ അമേരിക്കൻ പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു റെഡ്ഫോർഡ്. സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.

1936ൽ ലോസ് ആഞ്ചലസിലാണ് ജനനം. 1950കളുടെ അവസാനത്തിൽ അഭിനയ ജീവിതം ആരംഭിച്ചു. 1960കളിൽ ടെലിവിഷൻ രംഗത്തെത്തി. വാർ ഹണ്ട് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. 1973ലെ ദി സ്റ്റിംഗ്,​ ബച്ച് കാസിഡി ആൻഡ് ദി സൺഡാൻസ് കിഡ്,​ ത്രീ ഡേയ്സ് ഒഫ് ദി കോണ്ടോർ (1975), ഓൾ ദി പ്രസിഡന്റ്സ് മെൻ (1976) തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായി. ദി സ്റ്റിംഗിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചു. ഗോൾഡൻ ബോയ് എന്നറിയപ്പെട്ടു. നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. 1980ൽ പുറത്തിറങ്ങിയ ഓർഡിനറി പീപ്പിൾ എന്ന സിനിമയിലൂടെയാണ് സംവിധാന രംഗത്തെത്തുന്നത്. മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ നാല് അക്കാഡമി അവാർഡുകൾ ഈ ചിത്രം നേടി. 2002ൽ ഓണററി ലൈഫ് ടൈം അച്ചീവ്മെന്റ് ഓസ്കാറും നേടി. 2018ൽ പുറത്തിറങ്ങിയ ദി ഓൾഡ് മാൻ ആൻഡ് ദി ഗൺ ആണ് അവസാന ചിത്രം. പരിസ്ഥിതി പ്രവർത്തകനുമായിരുന്നു. സിബിൽ സഗ്ഗാർസ്,​ ലോല വാൻ വാഗനെൻ എന്നിവരെ വിവാഹം ചെയ്തു. മക്കൾ : ജെയിംസ് റെഡ്‌ഫോർഡ്, എമി റെഡ്‌ഫോർഡ്, ഷൗന റെഡ്‌ഫോർഡ്, സ്‌കോട്ട് ആന്റണി റെഡ്‌ഫോർഡ്‌.