പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; ഒളിവിൽ കഴിയുന്ന പ്രതികൾക്കായുളള അന്വേഷണം കടുപ്പിച്ച് പൊലീസ്

Wednesday 17 September 2025 7:34 AM IST

കാസർകോട്: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായുളള അന്വേഷണം പുരോഗമിക്കുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി സുനിൽ കുമാറിന്റെ നേതൃത്വത്തില്‍ അഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് കേസ് അന്വേഷിക്കുന്നത്. ചന്തേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒമ്പത് കേസുകളില്‍ ഒമ്പത് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒളിവിലുള്ള യൂത്ത് ലീഗ് നേതാവ് സിറാജുദ്ദീന്‍ മുന്‍കൂർ ജാമ്യത്തിന് ശ്രമിക്കുകയാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. പയ്യന്നൂര്‍, കോഴിക്കോട് കസബ പൊലീസ് സ്റ്റേഷന്‍, കൊച്ചി എളമക്കര പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് കൈമാറിയ കേസുകളിലെ പ്രതികൾക്കായി എറണാകുളം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പണം നല്‍കിയാണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. പ്രതികളെ കുട്ടിയുമായി ബന്ധിപ്പിച്ചിരുന്ന ഏജന്റിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവുമെന്നാണ് നിലവിലെ വിവരം.

ഇന്നലെ കേസിലെ പ്രതികളിലൊരാളായ ബേക്കൽ എഇഒ വി കെ സൈനുദ്ദീനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായതിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

ആൺകുട്ടിയിൽ നിന്ന് ചന്തേര പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 2023 അവസാനം മുതൽ 2025 സെപ്റ്റംബർവരെ കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചാണ് പ്രതികൾ കുട്ടിയെ പീഡിപ്പിച്ചത്. പതിവായി രണ്ടുപേർ വീട്ടിലെത്തുന്നതും കുട്ടിയുമായി രഹസ്യമായി ഇടപഴകുന്നതും കണ്ട മാതാവിന് തോന്നിയ സംശയമാണ് പീഡനവിവരം പുറത്തറിയാൻ ഇടയാക്കിയത്. ചൈൽഡ് ലൈൻ അധികൃതർ വിദ്യാർത്ഥിയിൽ നിന്ന് മൊഴിയെടുത്തശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.