നരേന്ദ്ര അടുത്ത സുഹൃത്തെന്ന് ട്രംപ്; മോദിക്ക് ആശംസകളുമായി ലോകനേതാക്കൾ, ഡൽഹിയിൽ വൻ ആഘോഷം

Wednesday 17 September 2025 8:08 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്ന് ലോകനേതാക്കൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് വിളിച്ച് ആശംസകൾ നേർന്നു. ജൂൺ 16നുശേഷം ഇരുവരും ആദ്യമായാണ് ഫോണിൽ സംസാരിക്കുന്നത്. മോദിയെ 'നരേന്ദ്ര' എന്നുവിളിച്ചാണ് ട്രംപ് ആശംസകൾ നേർന്നത്. നരേന്ദ്ര എന്റെ അടുത്ത സുഹൃത്താണെന്നാണ് ട്രംപ് അറിയിച്ചത്.

ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നരേന്ദ്രമോദിയുടെ പ്രതിബദ്ധത, യുക്രെയ്‌ൻ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പിന്തുണ എന്നിവ ഫോണ്‍ സംഭാഷണത്തിനിടയിൽ ട്രംപ് ചൂണ്ടിക്കാട്ടി. ഇന്ത്യ-യുഎസ് ബന്ധം, പങ്കാളിത്തം എന്നിവ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ താൻ പ്രതിജ്ഞാബദ്ധനാണെന്ന് നരേന്ദ്രമോദി മറുപടി നല്‍കി. പിറന്നാള്‍ ആശംസകള്‍ക്ക് മോദി നന്ദി അറിയിച്ചു. യഥാർത്ഥ നേതൃത്വമെന്നാൽ മോദിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രശംസിച്ചത്.

ഗുജറാത്തിലെ മെഹ്‌സാനയിൽ 1950 സെപ്തംബർ 17ന് ജനിച്ച മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികൾക്ക് കേന്ദ്രസർക്കാരും ബിജെപിയും ഇന്ന് തുടക്കമിടും. പിറന്നാൾ ദിനം പ്രധാനമന്ത്രി മദ്ധ്യപ്രദേശിലെ ധാർ ജില്ലയിൽ രാജ്യത്തെ ആദ്യ പി എം മിത്ര ടെക്‌സ്റ്റൈൽ പാർക്കിന് തറക്കല്ലിടും. പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി പത്തുലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം എത്തിക്കുന്ന നടപടിക്ക് ഇന്ന് പ്രധാനമന്ത്രി തുടക്കമിടും. അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന സുമൻ സഖി ചട്‌ബോട് പദ്ധതിക്കും മോദി ആരംഭം കുറിക്കും.

രാജ്യത്തെമ്പാടുമായി ഒരു ലക്ഷത്തിലേറെ ആരോഗ്യക്യാമ്പുകൾ സംഘടിപ്പിക്കും. ബിജെപിയുടെ നേതൃത്വത്തിൽ രാജ്യമെങ്ങും രക്തദാനക്യാമ്പുകളുമുണ്ടാകും. മോദിയുടെ നേതൃത്വത്തോടുള്ള ആദരസൂചകമായി ജന്മദിനമായ സെപ്തംബർ 17 മുതൽ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടുവരെ ബിജെപി ‘സേവാ പഖ് വാഡ’ ആചരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.