16കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്; ഒരാൾ കൂടി പിടിയിൽ, ആറ് പ്രതികൾ ഒളിവിൽ

Wednesday 17 September 2025 10:04 AM IST

കാസർകോട്: ചെറുവത്തൂരിൽ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി ഗിരീഷാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇനി ആറ് പ്രതികളെ പിടികൂടാനുണ്ട്. ഇവർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.

എട്ട് മുതൽ പത്താം ക്ലാസുവരെ പഠിക്കുന്ന കാലയളവിൽ വീട്ടിലും വിവിധ ഇടങ്ങളിലുമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത്. ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതികളെ കുട്ടി പരിചയപ്പെട്ടത്. സർക്കാർ ജീവനക്കാരും പ്രാദേശിക രാഷ്‌ട്രീയ നേതാക്കളും ഫുട്‌ബോൾ പരിശീലകരും ഉൾപ്പെടെ കേസിലെ പ്രതികളാണ്.

കുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനയിലാണ് പൊലീസിന് ശക്തമായ തെളിവുകൾ ലഭിച്ചത്. ആൺകുട്ടിക്ക് ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് ഉള്ളതായും പരിശോധനയിൽ വ്യക്തമായി. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി എങ്ങനെ ഇതിൽ അക്കൗണ്ട് തുറന്നുവെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികൾ വിദ്യാർത്ഥിയെ വിളിച്ചതും പണം അയച്ചുകൊടുത്തതും അന്വേഷണത്തിൽ കണ്ടെത്തി. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പ്രതികളെ പിടികൂടിയത്.

ഒളിവിലുള്ള യൂത്ത് ലീഗ് നേതാവ് സിറാജുദ്ദീന്‍ മുന്‍കൂർ ജാമ്യത്തിന് ശ്രമിക്കുകയാണെന്ന് വിവരമുണ്ട്. പയ്യന്നൂര്‍, കോഴിക്കോട് കസബ പൊലീസ് സ്റ്റേഷന്‍, കൊച്ചി എളമക്കര പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് കൈമാറിയ കേസുകളിലെ പ്രതികൾക്കായി എറണാകുളം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പണം നല്‍കിയാണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.

പ്രതികളെ കുട്ടിയുമായി ബന്ധിപ്പിച്ചിരുന്ന ഏജന്റിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവുമെന്നാണ് നിലവിലെ വിവരം. ചന്തേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിൽ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി സുനിൽ കുമാറിന്റെ നേതൃത്വത്തില്‍ അഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് കേസ് അന്വേഷിക്കുന്നത്.