പത്തോ ഇരുപതോ ഒന്നുമല്ല, ആളുകളുടെ കൈകളിൽ ജീവനുള്ള പാമ്പുകൾ; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Wednesday 17 September 2025 10:34 AM IST

സോഷ്യൽ മീഡിയയിൽ കാണുന്ന വീഡിയോകൾ നമ്മളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും പേടിപ്പിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പാമ്പിനെ കൈയിലേന്തി നടക്കുന്ന ആളുകളുടെ വീഡിയോയാണ് ഇത്.

പുണ്യമാസമായ സാവനിൽ ഇന്ത്യയിലുടനീളമുള്ള ഭക്തർ നാഗപഞ്ചമി ആഘോഷിക്കുന്നുവെന്നത് പലർക്കും അറിയാവുന്ന കാര്യമാണ്. ഈ സമയം നാഗ ദേവതയ്ക്ക് പാലും മറ്റും സമർപ്പിക്കുന്നു. ബീഹാറിലാകട്ടെ ഇതൊരു ഉത്സവമായിട്ടാണ് ആഘോഷിക്കുന്നത്. ആരാധനയുടെ ഭാഗമായി പ്രായഭേദമന്യേ ഭക്തർ ജീവനുള്ള പാമ്പുകളെ കൈയിലേന്തി കൊണ്ടുപോകാറുണ്ട്. ഇതാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിലുള്ളത്. പത്തോ ഇരുപതോ ഒന്നുമല്ല, അതിലും കൂടുതൽ പാമ്പുകളെയാണ് കൈയിലും കഴുത്തിലുമൊക്കെ ചുറ്റി കൊണ്ടുപോകുന്നത്.

ജൂലായ് 29നായിരുന്നു ഈ വർഷത്തെ ഉത്സവം. എന്നാൽ ആഘോഷത്തിന്റെ പല വീഡിയോകളും ഇപ്പോഴാണ് പുറത്തുവരുന്നത്. ആളുകൾ ക്ഷേത്രങ്ങൾ സന്ദർശിച്ച് ചടങ്ങുകൾക്കായി തയ്യാറെടുക്കുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ, 300 വർഷത്തിലേറെയായി വാർഷിക നാഗപഞ്ചമി മേള ആഘോഷിക്കുന്നത് സിംഘിയ ഘട്ടിലാണ്. അവിടത്തെ ക്ഷേത്രത്തിൽ അതിരാവിലെ ഭക്തർ ഒത്തുകൂടി പ്രാർത്ഥിക്കുന്നു. ശേഷം ജീവനുള്ള പാമ്പുകളെ വഹിച്ചുകൊണ്ട് അവർ പ്രധാന ചടങ്ങുകൾക്കായി ബുധി ഗന്ധക് നദിയിലേക്ക് പോകുന്നു. കുട്ടികൾ വരെ കൂട്ടത്തിലുണ്ടാകും.

വീഡിയോ വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. പാമ്പുകളെ ഈ രീതിയിൽ കൈകാര്യം ചെയ്യുന്നത് ക്രൂരതയാണെന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്. പാമ്പുകളെ പീഡിപ്പിക്കുന്നത് എങ്ങനെയാണ് ആത്മീയമാകുന്നതെന്നാണ് ഒരാൾ ചോദിക്കുന്നത്.