വാട്‌സാപ്പ് ഇല്ലാത്തവരോട് വാട്‌സാപ്പിൽ ചാറ്റ് ചെയ്യാം, പുതിയ ഫീച്ചറിൽ ഒളിഞ്ഞിരിക്കുന്നത് വലിയ അപകടം?

Wednesday 17 September 2025 12:25 PM IST

അബുദാബി: വാട്‌സാപ്പ് അക്കൗണ്ട് ഇല്ലാത്തവരുമായും സംസാരിക്കാൻ അവസരമൊരുക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്. ഫീച്ചർ വികസനഘട്ടത്തിലാണെങ്കിലും ഇത് പല സുരക്ഷാപ്രശ്നങ്ങൾക്കും വഴിയൊരുക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

'ഗസ്റ്റ് ചാറ്റ്‌‌സ്' എന്നായിരിക്കും ഈ പുതിയ ഫീച്ചർ അറിയപ്പെടുക. 'ബീറ്റാ ഫേസിൽ' പോലും ഈ ഫീച്ചർ നിലവിൽ എത്തിയിട്ടില്ല. (തിരഞ്ഞെടുക്കപ്പെട്ട കുറച്ച് ആളുകൾ മാത്രം ഫീച്ചർ പരീക്ഷിച്ചുനോക്കുന്ന ഘട്ടമാണിത്. ഇതിനുശേഷമായിരിക്കും പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുക). വാട്‌സാപ്പ് അക്കൗണ്ട് ഇല്ലാത്തവർക്ക് ലിങ്ക് അയച്ചുനൽകിയതിനുശേഷമാണ് ചാറ്റ് ചെയ്യാൻ സാധിക്കുന്നത്. നിലവിൽ വാട്‌സാപ്പ് അക്കൗണ്ട് ഉള്ളവർക്ക് മാത്രമേ പരസ്‌പരം ചാറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ.

ഹാക്കർമാർക്ക് അടക്കം ഐഡന്റിറ്റി ഒളിപ്പിക്കാൻ സാധിക്കുമെന്നതിനാൽ പുതിയ വാട്‌സാപ്പ് ഫീച്ചർ പല സുരക്ഷാപ്രശ്നങ്ങൾക്കും വഴിയൊരുക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അപകടകരമായ ലിങ്കുകൾ അയച്ച് ഹാക്കിംഗ് അടക്കമുള്ള ആക്രമണങ്ങൾക്കും ഇത് അവസരമൊരുക്കും. മാത്രമല്ല, അക്കൗണ്ട് ഇല്ലാത്തതിനാൽ ആൾമാറാട്ടം നടത്താനും പുതിയ ഫീച്ചർ അവസരം നൽകുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ലിങ്ക് അയക്കുന്നയാളുടെ വിവരം മെറ്റയുടെ പക്കൽ ഉള്ളതിനാൽ പരാതി ലഭിച്ചാൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും മറ്റും സാദ്ധ്യമായിരിക്കുമെന്നത് ആശ്വാസകരമാണെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു. അതിനാൽതന്നെ ഫീച്ചർ പുറത്തിറങ്ങിക്കഴിഞ്ഞ് അത് ഉപയോഗിക്കുന്നവ‌ർ ടു-ഫാക്‌ടർ ഓതന്റിഫിക്കേഷൻ നടത്തണമെന്നും പരിചയമില്ലാത്ത ലിങ്കുകളിൽ ക്ളിക്ക് ചെയ്യരുതെന്നും അപരിചിതരോട് സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും വിദഗ്ദ്ധർ നി‌ർദേശിച്ചു.