'ശത്രുക്കളെ അവരുടെ വീട്ടിൽ കയറി ഇല്ലാതാക്കും, പുതിയ ഇന്ത്യയ്‌ക്ക് ഒന്നിനെയും ഭയമില്ല'; നരേന്ദ്രമോദി

Wednesday 17 September 2025 3:24 PM IST

ഭോപ്പാൽ: ആണവ ഭീഷണികളെ പുതിയ ഇന്ത്യ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മദ്ധ്യപ്രദേശിലെ ധറിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 75-ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും അദ്ദേഹം ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെയും ഇന്ത്യൻ സൈനികരുടെ ധീരതയെയും മോദി പ്രശംസിച്ചു.

'ഇത് പുതിയ ഇന്ത്യയാണ്. ഒന്നിനെയും അത് ഭയപ്പെടുന്നില്ല. പുതിയ ഇന്ത്യ ആണവഭീഷണികളെ ഭയപ്പെടുന്നില്ല. വേണമെങ്കിൽ ശത്രുക്കളെ അവരുടെ വീട്ടിൽ കയറി ഇല്ലാതാക്കാൻ ഇന്ത്യയ്‌ക്ക് കഴിയും'- മോദി പറഞ്ഞു. ഇന്ത്യയുമായുള്ള ഭാവിയിലെ യുദ്ധത്തിൽ തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിട്ടാൽ ആണവയുദ്ധം ഉണ്ടാകുമെന്നും ലോകത്തിന്റെ പകുതിയെ ഇല്ലാതാക്കുമെന്നും പാക് സൈനിക മേധാവി അസിം മുനീർ ഭീഷണി മുഴക്കിയിരുന്നു. ഈ പ്രസ്‌താവനയ്‌ക്ക് പരോക്ഷമായി മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രി.

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലും പാക് അധിനിവേശ കാശ്‌മീരിലുമുണ്ടായ നഷ്‌ടത്തെക്കുറിച്ച് ജെയ്‌ഷെ മുഹമ്മദ് നടത്തിയ തുറന്നുപറച്ചിലിലൂടെ, ഭീകരവാദത്തെ സ്‌പോൺസർ ചെയ്യുന്നതിൽ പാകിസ്ഥാന്റെ പങ്കാണ് വെളിച്ചത്തുകൊണ്ടുവന്നതെന്നും മോദി പറഞ്ഞു. ഞങ്ങൾ ഭീകരരുടെ ലോഞ്ച് പാഡുകളാണ് വെളിച്ചത്തുകൊണ്ടുവന്നത്. ജെയ്‌ഷെ മുഹമ്മദ് പാകിസ്ഥാന്റെ യഥാർത്ഥ മുഖം കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ കുടുംബം ഛിന്നിച്ചിതറിയെന്ന ജെയ്‌ഷെ കമാൻഡർ മസൂദ് ഇല്യാസിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസമാണ് മോദി ഇക്കാര്യങ്ങൾ പ്രസംഗത്തിൽ പരാമർശിച്ചത്.