'ജന്മിത്ത കാലത്ത് സംബന്ധം കൂടാൻ നടക്കുന്നത് പോലുള്ള സമീപനം'; രാഹുലിന് നിയമസഭയിൽ പരിഹാസം

Wednesday 17 September 2025 3:42 PM IST

തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പരിഹസിച്ച് കെ ശാന്തകുമാരി എംഎൽഎ. ജന്മിത്ത കാലത്ത് സംബന്ധം കൂടാൻ നടക്കുന്നത് പോലുള്ള സമീപനമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റേതെന്ന് ശാന്തകുമാരി പറഞ്ഞു. യുഡിഎഫ് സമരം ചെയ്യേണ്ടത് സഭാ കവാടത്തിലല്ലെന്നും പാലക്കാടാണെന്നും ശാന്തകുമാരി കൂട്ടിച്ചേർത്തു.

'സ്ത്രീ സമൂഹത്തിനുതന്നെ ആകെ നാണക്കേടുണ്ടാക്കിയ സംഭവമാണിത്. തല കുനിച്ചാണ് ഞങ്ങൾ ആന്ധ്രാപ്രദേശിലെ സ്ത്രീ ശാക്തീകരണ സമ്മേളനത്തിൽ പങ്കെടുത്തത്. ഞാൻ ഉൾപ്പടെ പാലക്കാട് നിന്ന് വരുന്ന സ്ത്രീകൾക്ക് ആകെ നാണക്കേടാണ്. എത്ര വലിയ അപമാനമാണ്. പലയിടങ്ങളിൽ നിന്നും പരാതികൾ എത്തുന്നു. സ്ത്രീകളെ അപമാനിക്കുന്ന സമീപനമാണിത്'- കെ ശാന്തകുമാരി കൂട്ടിച്ചേർത്തു.

അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ പ്രമോദ് നാരായണൻ എംഎൽഎയും കെയു ജനീഷ് കുമാർ എംഎൽഎയും രാഹുൽ മാങ്കൂട്ടത്തിൽ വിഷയം പരാമർശിച്ചു. ശിശുഹത്യയിൽ പാപബോധം തോന്നാത്തവർക്കൊപ്പം ഇരിക്കുന്നവർക്ക് സ്ത്രീയായ മന്ത്രിയെ ആക്ഷേപിക്കുന്നതിൽ ആനന്ദം തോന്നും. ആ ആനന്ദത്തിന് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പകളിൽ കേരളത്തിലെ ജനങ്ങൾ മരുന്ന് നൽകിയെന്നും ആ മരുന്ന് അവർക്കിനിയും ലഭിക്കുമെന്നുമാണ് പ്രമോദ് നാരായണൻ പറഞ്ഞത്.

ചില എംഎൽഎമാർ ഉറങ്ങാൻ പോലും പാരസെറ്റമോളും സിട്രിസനും ഒക്കെ കഴിക്കുന്നതായിട്ടാണ് പുറത്തുവരുന്ന വിവരമെന്ന് ജനീഷ് കുമാർ പറഞ്ഞു. മരുന്ന് ലഭിക്കുന്നില്ല എന്ന് പ്രതിപക്ഷനിരയിലെ ഏതെങ്കിലും എംഎൽഎമാർക്ക് ഇപ്പോൾ പറയാൻ ധൈര്യമുണ്ടോയെന്നും ചിലർ യഥാർത്ഥ എംഎൽഎമാരാണോ വ്യാജന്മാരാണോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.