സൂപ്പർസ്റ്റാറിന് ഇഷ്ടമാവില്ലെന്ന് കരുതി മുൻഭാര്യയായ നടിയ്ക്ക് ആരും സിനിമയിൽ അവസരം നൽകുന്നില്ല; തുറന്നുപറഞ്ഞ് നടി ലക്ഷ്മി മഞ്ചു
സിനിമാ മേഖലയിൽ നിരവധി താരദമ്പതികളുണ്ട്. ചില താരദമ്പതികൾ വേർപിരിഞ്ഞിട്ടുമുണ്ട്. സൂപ്പർസ്റ്റാറിന്റെ ഭാര്യയായ നടിക്ക് വിവാഹ മോചനം നേടിയ ശേഷം അവസരങ്ങൾ നഷ്ടപ്പെട്ടതായി തനിക്കറിയാമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് തെലുങ്ക് നടി ലക്ഷ്മി മഞ്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'ഇപ്പോഴും സിനിമാ മേഖലയിൽ തുടരുന്ന സൂപ്പർസ്റ്റാറിന്റെ ഭാര്യയായിരുന്ന നടിയെ എനിക്കറിയാം. വിവാഹ മോചനത്തിന് ശേഷം ആ നടിക്ക് വാഗ്ദാനം ചെയ്യപ്പെട്ട പല സിനിമകളും നഷ്ടമായി. അവർക്ക് ചാൻസ് കൊടുത്താൽ മുൻ ഭർത്താവിന് ഇഷ്ടമാകില്ലെന്ന് കരുതിയാണ് അവരെ തഴഞ്ഞത്.
എന്നാൽ വിവാഹമോചനം നേടിയ ഒരു പുരുഷന് ഒരിക്കലും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വരാറില്ല. പുരുഷന്റെ ജീവിതത്തിൽ പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടാകുന്നില്ല. സ്ത്രീയാണ് എല്ലാം സഹിക്കേണ്ടിവരുന്നത്.'- നടി പറഞ്ഞു. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് ചോദ്യങ്ങളുയരുന്നു. എന്നാൽ ഒരു പുരുഷനോട് ഇത്തരമൊരു ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു. 'അമ്പത് വയസോടടുക്കുന്ന എന്റെ വസ്ത്രധാരണത്തെക്കുറിച്ച് ചോദിച്ച നിങ്ങൾ മഹേഷ് ബാബുവിനോട് ഈ ചോദ്യം ചോദിക്കുമോ? പിന്നെന്തുകൊണ്ടാണ് സ്ത്രീയോട് മാത്രം ചോദിക്കുന്നത്.'- നടി ചോദിച്ചു. ലക്ഷ്മി മഞ്ചുവിന്റെ പുതിയ ചിത്രമായ 'ദക്ഷ എ ഡെഡ്ലി കോൺസ്പറസി' മറ്റന്നാളാണ് തീയേറ്ററുകളിലെത്തുന്നത്. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുനൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് നടി ഇക്കാര്യം പറഞ്ഞത്.