പൊലീസുകാരനായ ഭർത്താവിന്റെ സിനിമാമോഹം പൂർത്തീകരിക്കണം, വിസ്‌മയ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല
കൊച്ചി: പൊലീസുകാരനായ ഭർത്താവിന്റെ സിനിമാ മോഹം യാഥാർത്ഥ്യമാക്കാൻ സ്വർണം പണയം വച്ച് നിർമ്മാതാവായി ഭാര്യ. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയ 'അതലൻ' എന്ന ചിത്രം തൃശൂർ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഇവർ.
തൃക്കാക്കര കങ്ങരപ്പടി സ്വദേശിയും എറണാകുളം സെൻട്രൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുമായ സലീഷ് കരിക്കനാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചത്. സിനിമ തിയേറ്ററുകളിലെത്തിക്കാൻ സാമ്പത്തിക തടസം നരിട്ടപ്പോൾ ഭാര്യ വിസ്മയ താങ്ങും തണലുമായി കൂടെനിൽക്കുകയായിരുന്നു.
തേവക്കൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ മുതൽക്കേ സലീഷിന് സിനിമാ സംവിധാനം മോഹമായിരുന്നു. നടന്മാരായ ബിബിൻ ജോർജ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ എന്നിവരുമായുള്ള സൗഹൃദം സിനിമയോട് കൂടുതൽ അടുപ്പിച്ചു. 2010ൽ പൊലീസ് സേനയിൽ പ്രവേശിച്ചതോടെ സിനിമ ഒരു സ്വപ്‌നം മാത്രമായി അവശേഷിച്ചു.
2015ൽ തൃശൂർ കെ.എ.പി. ഒന്നാം ബറ്റാലിയനിൽ നിന്ന് എറണാകുളത്തേക്ക് മാറ്റം കിട്ടിയപ്പോൾ, കൂട്ടുകാർ താരങ്ങളായി വളർന്നിരുന്നു. ഇതോടെ സലീഷിന്റെ സിനിമാമോഹം വീണ്ടും തലപൊക്കി. സംവിധായകൻ ഷാഫിയുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച അദ്ദേഹം അവധിയെടുത്ത് 'ഒരു ബോംബ് കഥ', 'ചിൽഡ്രൻസ് പാർക്ക്', 'മരതകം', 'വെടിക്കെട്ട്', 'ഇടിയൻ ചന്തു' എന്നീ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ക്രൈം ത്രില്ലർ ഉൾപ്പെടെ ഏഴ് തിരക്കഥകൾ സലീഷ് രചിച്ചിട്ടുണ്ട്. അവ വൈകാതെ സിനിമകളാകും. കരിക്കിൻകാട്ടിൽ ശശി, വത്സല എന്നിവരാണ് മാതാപിതാക്കൾ. മകൻ: നിനവ്.
- 'അതലൻ': യഥാർത്ഥ കഥ
ഇടുങ്ങിയ ലയങ്ങളിൽ താമസിക്കുന്നവരുടെ ജീവിതമാണ് 'അതലൻ' എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. 2013ൽ മലക്കപ്പാറ സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ ഉണ്ടായ സംഭവമാണ് ഇതിന്റെ ഇതിവൃത്തം. 2025 മേയിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ അണിയറ പ്രവർത്തകരിൽ ഭൂരിഭാഗവും സലീഷിന്റെ സുഹൃത്തുക്കളായിരുന്നു.
- സാമ്പത്തിക സഹായം
ഒരു മണിക്കൂറിലേറെ ദൈർഘ്യമുള്ള ചിത്രത്തിന് 18 ലക്ഷം രൂപയാണ് ചെലവായത്. പൊലീസ് സഹകരണ സംഘത്തിൽ നിന്ന് ചെറിയൊരു തുക വായ്പയെടുത്തുവെങ്കിലും പ്രതീക്ഷിച്ചതിലും ചെലവേറിയതോടെ ഭാര്യ വിസ്മയ തന്റെ സ്വർണാഭരണങ്ങൾ പണയം വച്ച് സിനിമ പൂർത്തിയാക്കാൻ സഹായിക്കുകയായിരുന്നു. വിസ്മയ പൊലീസ് സഹകരണ സംഘത്തിൽ ക്ലർക്കായി ജോലി ചെയ്യുകയാണ്. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് (ഐ.എഫ്.എഫ്.കെ) ചിത്രം അയച്ചിട്ടുണ്ടെന്നും ഭാര്യയുടെ പിന്തുണയില്ലായിരുന്നെങ്കിൽ സിനിമ നടക്കില്ലായിരുന്നുവെന്നും സലീഷ് കരിക്കൻ പറഞ്ഞു.