കത്തിമുനയിൽ നിറുത്തി പണംതട്ടി; മൂന്ന് പേർക്കായി അന്വേഷണം

Thursday 18 September 2025 2:06 AM IST

കൊച്ചി: അർദ്ധരാത്രി യുവാക്കളെ കത്തിമുനയിൽ നിറുത്തി മർദ്ദിച്ച് പണംതട്ടി. സംഭവത്തിൽ മൂന്ന് പേർക്കായി പൊലീസ് അന്വേഷണം തുടങ്ങി. പത്തനംതിട്ട മെഴുവേലി സ്വദേശിയായ 33കാരനും സുഹൃത്തും എറണാകുളം സ്വദേശിയുമായ 25 കാരനുമാണ് മർദ്ദനമേറ്റത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

രാത്രി 2.15ഓടെ നോർത്ത് ഓവർബ്രിഡ്ജിലൂടെ നടന്നുപോകുകയായിരുന്നു സുഹൃത്തുക്കൾ. ഈ സമയം ബൈക്കിലെത്തിയ പ്രതികൾ ഇരുവരെയും തടഞ്ഞുനിറുത്തി. തുടർന്ന് 33കാരനെ മാത്രം ഓവർബ്രിഡ്ജിന് മുകളിലേക്ക് കൊണ്ടുപോയി. ഇവിടെവച്ച് മർദ്ദിച്ചു. തുടർന്ന് 25കാരനെ സൗത്ത് റെയിൽവേ സ്‌റ്റേഷൻ ഭാഗത്ത് എത്തിച്ച് കത്തികാട്ടി പണം തട്ടിയെടുക്കുകയായിരുന്നു.

9,500 രൂപയും കൈയിലുണ്ടായിരുന്ന സ്മാർട്ട്‌ഫോണുമാണ് തട്ടിയെടുത്ത്. തുടർന്ന് പ്രതികൾ സ്ഥലംവിട്ടു. പത്തനംതിട്ട സ്വദേശി രാവിലെ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടപ്പോഴാണ് സംഭവം പൊലീസ് അറിയുന്നത്. മേഖലയിൽ തമ്പടിച്ച് പണംതട്ടുന്ന സംഘമെന്നാണ് കരുതുന്നത്.