പാൽ വിലയിൽ മാറ്റമില്ല, 'ക്ഷ' വരച്ച് ക്ഷീരകർഷകർ
കോട്ടയം : പാൽ വില വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് മിൽമ പിന്തിരിഞ്ഞതോടെ ക്ഷീരകർഷകർക്ക് നിരാശ.
ഉത്പാദന ചെലവിന് ആനുപാതികമായി പാലിന് വില ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ കാലിവളർത്തൽ ഉപേക്ഷിച്ചവരും നിരവധിയാണ്. ജി.എസ്.ടി കുറയുമ്പോൾ പാൽ ഉത്പന്നങ്ങൾക്ക് വില കുറയുമെന്നും ഈ സാഹചര്യത്തിൽ വില കൂട്ടാനാകില്ലെന്നുമാണ് മിൽമയുടെ നിലപാട്. ഒരു ലിറ്റർ പാൽ വിലയിൽ 10 രൂപയുടെയെങ്കിലും വർദ്ധനയുണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നാലു മുതൽ അഞ്ചു രൂപ വരെ കർഷകർ പ്രതീക്ഷിച്ചിരുന്നു.
ജില്ലയുൾപ്പെടുന്ന എറണാകുളം മേഖല വില വർദ്ധന ആവശ്യത്തിൽ ഉറച്ചു നിന്നെങ്കിലും മലബാർ മേഖല പൂർണമായും, തിരുവന്തപുരം മേഖലയിലെ ഒരു വിഭാഗവും എതിർത്തു. ജൂലായിൽ ചേർന്ന യോഗത്തിലും സമാന അനുഭവമായിരുന്നു. വില വർദ്ധിപ്പിക്കുമെന്ന പ്രതീതിയുണ്ടായിരുന്നെങ്കിലും പഠന സമിതിയെ നിയോഗിക്കുകയാണ് ചെയ്തത്.
കാലിത്തീറ്റ വില താങ്ങാനാകില്ല
തീറ്റ, പുല്ല്, കാലിത്തീറ്റ വിലവർദ്ധനവ് തുടങ്ങിയവ കർഷകരെ അലട്ടുകയാണ്. 50 കിലോ വരുന്ന ഒരു കിലോ കാലിത്തീറ്റയുടെ വില 1500 ന് മുകളിലാണ്. മരുന്നും , കാത്സ്യവുമൊന്നുമില്ലാതെ കന്നുകാലി വളർത്തൽ സാദ്ധ്യമല്ല. മഴക്കാലം ആരംഭിച്ചതോടെ പശുക്കൾക്ക് അകിടുവീക്കം, ദഹനപ്രശ്‌നം തുടങ്ങിയവും വർദ്ധിച്ചു. ഒന്നും രണ്ടും പശുക്കളെ വളർത്തി പാൽ വിൽക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. വരാൻ പോകുന്നത് വേനൽക്കാലമായതിനാൽ തീറ്റ, വെള്ള ക്ഷാമവും തിരിച്ചടിയാകും. നല്ല ഇനം കന്നുകാലികളെ കിട്ടാനില്ലാത്തതും തിരിച്ചടിയാണ്.
പ്രതിമാസം മരുന്നിന് മാത്രം 5000- 10000 രൂപ
നഷ്ടം സഹിച്ച് ഇനിയും എത്രനാൾ മിൽമയിൽ പാൽ നൽകിയാൽ 42 - 49 രൂപയാണ് ലഭിക്കുക
മിൽമ ഇത് പായ്ക്കറ്റിലാക്കി വിൽക്കുന്നത് 52 രൂപയ്‌ക്ക്
സൊസൈറ്റികളിൽ വിൽക്കുന്നത് 60 രൂപയ്‌ക്ക്
പൊതുവിപണിയിൽ പാൽ വില 60 - 62 രൂപ വരെ
''കഷ്ടപ്പാടിനുള്ള പ്രതിഫലം ലഭിക്കുന്നില്ല. ഉത്പാദന ചെലവ് വർദ്ധിച്ചതോടെ ക്ഷീരമേഖലയെ പിടിച്ചുനിറുത്താൻ സർക്കാർ നടപടി ഉണ്ടാകണം. പ്രതിസന്ധികളേറിയതോടെ വൻതുക വായ്പയെടുത്ത് ഫാം തുടങ്ങിയ പലരും കടക്കെണിയിലാണ്.
ജോബിൻ, കർഷകൻ