പത്രാധിപർ വിടവാങ്ങിയിട്ട് 44 വർഷം പോരാട്ടങ്ങളുടെ അഗ്നിവീര്യം

Thursday 18 September 2025 3:18 AM IST

പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ വായനയുടെയും എഴുത്തിന്റെയും പുതിയ ലോകത്തേക്ക് കൈപിടിച്ചു നടത്തിയതിൽ 'കേരളകൗമുദി"ക്ക് ചരിത്രപരമായ പങ്കുണ്ട്. 1911 ഫെബ്രുവരി ഒന്നിന് മയ്യനാട് വർണ്ണപ്രകാശം പ്രസിൽ നിന്നാണ് 'കേരളകൗമുദി"യുടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. വാരികയായി തുടങ്ങി,​പിന്നെ തലസ്ഥാനത്തു നിന്ന് ദിനപത്രമായി 'കേരളകൗമുദി" പ്രസിദ്ധീകരിക്കുമ്പോൾ അതിനു പിന്നിൽ കെ. സുകുമാരൻ എന്ന അതുല്യ പ്രതിഭയുടെ ത്യാഗവും കഷ്ടപ്പാടും കഠിനാദ്ധ്വാനവുമുണ്ട്.

പത്രാധിപർ എന്ന വാക്കിന്റെ പര്യായമായി മാറിയ 'കേരളകൗമുദി" പത്രാധിപരായിരുന്നു കെ. സുകുമാരൻ. സഖാവെന്നാൽ പി. കൃഷ്ണപിള്ളയും,​ ലീഡർ എന്നാൽ കെ. കരുണാകരനും എന്നതു പോലെ പത്രാധിപർ എന്നാൽ കെ. സുകുമാരൻ. പത്രലോകത്ത് അത്ഭുത പ്രതിഭയായി മാറിയപ്പോഴും കടന്നുവന്ന വഴികൾ അദ്ദേഹം മറന്നില്ല.

മലയാള സാഹിത്യത്തിൽ മികച്ച ശൈലിയും സമ്പുഷ്ടമായ പദവിന്യാസവുംകൊണ്ട് സവിശേഷ സ്ഥാനമുള്ളയാളാണ് സി.വി. കുഞ്ഞുരാമൻ. അദ്ദേഹത്തിന്റെ ഭാഷാശൈലി മകൻ കെ. സുകുമാരന് ജന്മസിദ്ധമായി കിട്ടിയതാണ്. സ്വഭാവികമായും ആ സവിശേഷ ശൈലി 'കേരളകൗമുദി"ക്കും ലഭിച്ചു. അത് തിരുവനന്തപുരത്തിന്റെ, തിരുവിതാംകൂറിന്റെ ചരിത്രമാവുകയും ചെയ്തു. മൗനം വാചാലമാകുന്നിടത്ത് മൗനം, അമ്പുപോലെ വിമർശനം വേണ്ടിടത്ത് കൂരമ്പു പോലുള്ള വിമർശനങ്ങൾ, കടുത്ത വാക്കുകളും വാചകങ്ങളും പറയേണ്ടിടത്ത് അതിനും കെ. സുകുമാരൻ മടി കാണിച്ചില്ല. വിമർശനങ്ങൾ അങ്ങേയറ്റം പക്വമായിരുന്നു.

ഇ.എം.എസിനെ വേദിയിലിരുത്തി വിമർശിക്കാനുള്ള തന്റേടം കാട്ടുമ്പോഴും പ്രതിപക്ഷ ബഹുമാനം എവിടെയും സൂക്ഷിച്ചു. കെ. സുകുമാരന്റെ ഈ ശൈലിയിൽ നിന്നാണ് ധീരവും സ്വതന്ത്രവും അനുകരണീയവുമായ പത്രപ്രവർത്തനത്തിന്റെ മാതൃക 'കേരളകൗമുദി" പടുത്തുയർത്തിയത്. പ്രതികൂല സാഹചര്യങ്ങളോട് അസാമാന്യ ധീരതയോടെ പത്രാധിപർ പോരാടി. മലയാള പത്രപ്രവർത്തന രംഗത്തിന് തനതായ സംഭാവന നൽകി. ശൂന്യതയിൽ നിന്ന് ഒരു സാമ്രാജ്യം സൃഷ്ടിച്ചു. പ്രശംസകളെയും വിമർശനങ്ങളെയും ഒരേ കണ്ണിൽ കണ്ടു.

'കേരളകൗമുദി"യുടെ നിലപാടിലും വീക്ഷണത്തിലും പത്രാധിപർ കെ. സുകുമാരന്റെ കൈയൊപ്പ് കാണാം. പത്രാധിപർ എന്നതിനൊപ്പം അസാമാന്യ പ്രതിഭാശാലിയായ പ്രസംഗകനുമായിരുന്നു കെ. സുകുമാരൻ. എസ്.എൻ.ഡി.പി യോഗത്തിന്റെ പന്ത്രണ്ടാം വാർഷിക സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ കന്നി പ്രസംഗം. 1957-ലെ ചരിത്രപ്രസിദ്ധമായ കുളത്തൂർ പ്രസംഗത്തിന്റെ അലകൾ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കേരള സമൂഹത്തിലുണ്ട്. പത്രാധിപരുടെ തീക്ഷ്ണ പ്രതികരണത്തിന്റെ ശക്തിയിലാണ് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ആടിയുലഞ്ഞത്.

രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യ, സാമൂഹിക മണ്ഡലങ്ങളിൽ കഴിവും പ്രാപ്തിയുമുള്ളവരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതിൽ പ്രത്യേക താത്പര്യം കാണിച്ചയാൾ കൂടിയാണ് കെ. സുകുമാരൻ. കെ.എസ്.യു പ്രസിഡന്റായി തിരുവനന്തപുരത്ത് എത്തിയപ്പോൾ കെ. സുകുമാരൻ കാട്ടിയ വാത്സല്യവും നൽകിയ പിന്തുണയും ഏ.കെ. ആന്റണി പല ഘട്ടങ്ങളിലും പറഞ്ഞത് ഞാൻ ഓർക്കുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ച് ശക്തരാകാനും ഉദ്‌ഘോഷിച്ച ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളുടെ പ്രയോക്താവായിരുന്നു കെ. സുകുമാരൻ.

വിവേചനങ്ങൾക്കെതിരെ, മാറ്റിനിറുത്തലിനെതിരെ, തൊട്ടുകൂടായ്മയ്ക്കെതിരെ, പിന്നാക്ക വിഭാഗങ്ങൾ നേരിട്ട അരക്ഷിതാവസ്ഥയ്ക്കെതിരെ അസാമാന്യ പോരാട്ടവീര്യം കാട്ടിയ ഉജ്ജ്വലനായ പോരാളി. സ്വതന്ത്രവും പുരോഗമനപരവുമായ ആശയങ്ങളുടെ കേന്ദ്രം. ഒരു ദിനപത്രം എന്നതിനുമപ്പുറം ഒരു സാംസ്‌കാരിക വെളിച്ചമായി 'കേരളകൗമുദി"യെ മാറ്റിയത് കെ. സുകുമാരനാണ്. ഓർമകളിൽപ്പോലും അഭിമാന ബോധം സൃഷ്ടിക്കുന്ന, പോരാട്ടത്തിന്റെ അഗ്നി വർഷിക്കുന്ന പത്രാധിപരുടെ സ്മരണകൾക്കു മുന്നിൽ പ്രണാമം.