കുട്ടികൾക്ക് കളിക്കളങ്ങൾ തുറന്നുകൊടുക്കണം

Thursday 18 September 2025 3:23 AM IST

ഇന്ത്യൻ അണ്ടർ -23 ഫുട്ബാൾ ടീമിനായി കളിച്ച് മടങ്ങിയെത്തിയ തിരുവനന്തപുരം രാജാജി നഗർ സ്വദേശി എം.എസ്. ശ്രീക്കുട്ടനെ കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വീട്ടിലെത്തി അഭിനന്ദിച്ചു. മന്ത്രിയോട് ശ്രീക്കുട്ടൻ ആവശ്യപ്പെട്ട ഒരു കാര്യവും അതിനോടുള്ള മന്ത്രിയുടെ അനുഭാവപൂർണമായ മറുപടിയും വിരൽ ചൂണ്ടുന്നത് ഇന്നത്തെ കേരളം അഭിമുഖീകരിക്കുന്ന വലിയ വിപത്തിനെതിരായ പോരാട്ടത്തിനുള്ള മാർഗത്തിലേക്കാണ്. നേരത്തേ ചെങ്കൽച്ചൂളയെന്ന് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ രാജാജി നഗറിൽ തന്നെക്കാൾ നന്നായി കളിക്കുന്ന കുട്ടികളുണ്ടെന്നും,​ എന്നാൽ അവർക്ക് കളിച്ചുവളരാൻ ഗ്രൗണ്ടുകൾ ഇല്ലെന്നുമാണ് ശ്രീക്കുട്ടൻ മന്ത്രിയോട് പറഞ്ഞത്. സമീപത്തുതന്നെയുള്ള എസ്.എം.വി സ്കൂളിന്റെ ഗ്രൗണ്ട് ഉൾപ്പടെയുള്ള മൈതാനങ്ങളിൽ രാജാജി നഗറിലെ കുട്ടികൾക്ക് കളിക്കാൻ അവസരം ഒരുക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഇത് രാജാജി നഗറിലെ മാത്രമല്ല,​ കേരളത്തിലെ എല്ലാ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പ്രശ്നമാണ്. സിന്തറ്റിക് ടർഫുകൾ ബിസിനസായി മാറിയെങ്കിലും,​ പണമില്ലാത്തവന് കളിച്ചുവളരാനുള്ള കളിക്കങ്ങൾ ഇല്ലാതാകുന്നുവെന്ന യാഥാർത്ഥ്യം ഇവിടെയുണ്ട്. അതിന് നല്ലൊരു പരിഹാരമാർഗമാണ് മന്ത്രി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രാസലഹരികളുടെയും മൊബൈൽ ഫോണിന്റെയും അടിമത്തത്തിൽ നിന്ന് യുവതലമുറയെ രക്ഷിക്കാനുള്ള ഏറ്റവും നല്ല മരുന്നാണ് സ്പോർട്സ്. ശാരീരികവും മാനസികവുമായ ഉണർവിനും ഉന്മേഷത്തിനും കളിക്കളങ്ങളാണ് വേണ്ടത്. നമ്മുടെ മിക്ക സ്കൂളുകളിലും ചെറുതും വലുതുമായ കളിക്കളങ്ങളുണ്ട്. ഇത് ചെറുപ്പക്കാർക്കായി തുറന്നുകൊടുക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. സ്കൂൾ സമയം കഴിഞ്ഞാൽ നാട്ടിലെ കുട്ടികൾക്കും യുവാക്കൾക്കും ഈ ഗ്രൗണ്ടുകൾ ഉപയോഗപ്പെടുത്താൻ അവസരം ലഭിച്ചാൽ നിരവധി കായിക താരങ്ങൾ ഉയർന്നുവരുമെന്നുമാത്രമല്ല,​ ദുശ്ശീലങ്ങളിലേക്ക് വഴുതിവീഴാത്ത,​ ആരോഗ്യമുള്ള തലമുറകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

പലപ്പോഴും സ്കൂൾ അധികൃതർ ഗ്രൗണ്ടുകൾ നാട്ടിലെ കുട്ടികൾക്കായി തുറന്നുനൽകാത്തത് ദുരുപയോഗവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ഭയന്നിട്ടാണ്. അതിൽ അല്പം കാര്യമുണ്ടുതാനും. എന്നാൽ നാട്ടിൽ ഒരു കായിക സംസ്കാരം ഉരുത്തിരിയുന്നതിന് ആ ഭയം തടസമാകരുത്. തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും യുവജന,​ രാഷ്ട്രീയ സംഘടനകളുടെയും പൊലീസിന്റെയും കൃത്യമായ മേൽനോട്ടമുണ്ടെങ്കിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാനാകും. കളിക്കളങ്ങൾ ഉപയോഗിക്കുന്നതിന് ജനകീയ കമ്മറ്റികൾ രൂപീകരിക്കാനാകും. കളിയുപകരണങ്ങളും മാർഗനിർദ്ദേങ്ങളും നൽകാൻ കായിക വകുപ്പും തയ്യാറാകണം. എല്ലാ സർക്കാർ വകുപ്പുകളും തങ്ങൾക്ക് ലഭ്യമായ സ്ഥലങ്ങൾ കളിക്കളങ്ങളാക്കാനും അവിടെ യുവതലമുറയ്ക്ക് പരിശീലിക്കാനും അവസരമൊരുക്കണം. വോളിബാൾ, ഷട്ടിൽ ബാഡ്മിന്റൺ, കബഡി, ഖൊഖോ തുടങ്ങി കുറച്ചു സ്ഥലം മതിയാകുന്ന കളിക്കളങ്ങൾക്കായി പൊലീസ് സ്റ്റേഷനുകൾ ഉൾപ്പടെ സർക്കാർ ഓഫീസുകളുടെ മുറ്റങ്ങൾ മാറുമ്പോൾ സമൂഹവും അതിനനുസരിച്ച് പുരോഗമിക്കും.

അടുത്തിടെ പത്തനംതിട്ട ജില്ലയിൽ ചെറു കളിക്കളങ്ങളിൽ യുവാക്കൾക്ക് പിന്തുണയുമായി ഒപ്പം ക്രിക്കറ്റ് കളിക്കാനെത്തിയ ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ പകർന്നത് അനുകരണീയമായ മാതൃകയാണ്. സ്പോർട്സിന്റെ പ്രാധാന്യം തിരിച്ചറിയുന്ന ഇത്തരം ഭരണാധികാരികളും ഉണ്ടാകണം. കാലഘട്ടത്തിന്റെ ആവശ്യകതയാണ് ശ്രീക്കുട്ടൻ വിഭ്യാഭ്യാസ മന്ത്രിക്കു മുന്നിൽ ഉന്നയിച്ചത്. അനുഭാവത്തോടെ നിലപാടെടുത്ത മന്ത്രി കേരളത്തിലുടനീളം ഈ പദ്ധതി ആവിഷ്കരിക്കാൻ കായിക വകുപ്പുമായി കൈകോർത്ത് മുന്നിട്ടിറങ്ങണം. കായികരംഗത്തെ നേട്ടങ്ങൾ മാത്രമല്ല, ശരിയായ ആരോഗ്യശീലങ്ങളുള്ള ഒരു തലമുറയും കേരളത്തിലുണ്ടാകാനുള്ള വിപ്ളവകരമായ നടപടിയായിരിക്കും അത്. പരിമതികളോട് പടവെട്ടി ഇന്ത്യൻ ടീമിലേക്കു വരെയെത്തിയ ശ്രീക്കുട്ടന്റെയും,​ ഫുട്ബാൾ അസോസിയേഷൻ സാരഥി കൂടിയായിരുന്ന മന്ത്രി വി. ശിവൻകുട്ടിയുടെയും ഉയർന്ന ചിന്തയ്ക്ക് അഭിനന്ദനങ്ങൾ.